നൂറുകണക്കിന് രോഗികള്‍ക്ക് പ്രചോദനം; ഇത് ജാസ്മിന്റെ 'മുല്ലപ്പൂ വിപ്ലവം'

സ്തനാര്‍ബുദത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്ന നഴ്സ് സ്വന്തം ജീവിതത്തിലൂടെ പ്രതീക്ഷ നല്‍കുന്നത് നൂറുകണക്കിന് കാന്‍സര്‍ രോഗികള്‍ക്ക്. കോഴിക്കോട് മാവൂര്‍ സ്വദേശിനിയായ ജാസ്മിന്‍ ആന്റണി ദാസാണ് എം.വി.ആര്‍. കാന്‍സര്‍ സെന്ററിലെ പ്രതീക്ഷ കൂട്ടായ്മയുടെ കടയിലെത്തുന്ന രോഗികള്‍ക്ക് പ്രചോദനമാകുന്നത്.

മാവൂരിലെ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ 2012ലാണ് സ്തനാര്‍ബുദം കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. ആറുതവണ കീമോതെറപ്പിയും 27തവണ റേഡിയേഷനും രണ്ടുതവണ സര്‍ജറിയും ചെയ്തു. അങ്ങനെ രോഗത്തെ പേടിക്കാതെ ചികില്‍സിച്ചതോടെ ജീവിതത്തിലേക്ക് മടങ്ങിവന്നു.

ഒന്നരവര്‍‌ഷംമുന്‍പാണ് കാന്‍സര്‍‌ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷയിലെത്തിയത്. പേരുപോലതന്നെ ജീവിതവും ഒരു മുല്ലപ്പൂവാണെന്ന് പറഞ്ഞാണ് ജാസ്മിനെ പരിചയപ്പെടുന്നവരെല്ലാം മടങ്ങുന്നത്.