വരയിൽ വിസ്മയം തീർത്ത് ജയിൽ അന്തേവാസികൾ; മാതൃകയായി കോഴിക്കോട് ജില്ലാ ജയിൽ

കോഴിക്കോട് ജില്ലാ ജയിലിന്റെ പ്രവേശനകവാടത്തില്‍ ഇനി മലബാറിന്റെ ചരിത്രവും സാംസ്ക്കാരിക തനിമയും അടയാളപ്പെടുത്തിയുള്ള ചിത്രങ്ങളും. ചിത്രകാരന്‍മാര്‍ക്കൊപ്പം ജയില്‍ അന്തേവാസികളും ഒരുമാസം നീണ്ട വരയില്‍ പങ്കാളിയായി

വാസ്കോഡ ഗാമയുടെ കോഴിക്കോട്ടേക്കുള്ള വരവ്. സാമൂതിരിയുമായുള്ള കൂടിക്കാഴ്ച. കുഞ്ഞാലി മരയ്ക്കാറുടെ നാവികപ്പട. കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റ്, നാട്ടുക്കൂട്ടം, ഗ്രാമചന്ത തുടങ്ങിയ കാഴ്ചകള്‍. കാര്‍ഷിക ജീവിതത്തിന്റെ വിവിധ ഭാവങ്ങളും ഗ്രാഫിറ്റി ഇമേജുകളിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. 

കോഴിക്കോട് പൊലീസ് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്പെക്ടര്‍ പ്രേമദാസ് ഇരുവള്ളൂരും ഹൈക്കോടതി അഭിഭാഷകന്‍ ഏരൂര്‍ ബിജുവും ചേര്‍ന്നാണ് ചിത്രകലാ പദ്ധതിക്ക് നിറം പകര്‍ന്നത്. നേരത്തെ നല്‍കിയ പരിശീലനത്തിന്റെ ചുവട് പിടിച്ച് അന്തേവാസികളും വരയില്‍ പങ്കാളികളായി. ഒരുമാസത്തെ സമയമെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ലയണ്‍സ് ക്ലബ്ബ് കാലിക്കറ്റ് ഡയമണ്ട്സിന്റെ സഹായവും ലഭിച്ചു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു.