പെരിയാറിലെ ജലമൂറ്റി എസ്റ്റേറ്റുകൾ; കുടിവെള്ള പദ്ധതികൾ മുടങ്ങും

വേനല്‍ കടുത്തതോടെ ഇടുക്കി ജില്ലയിലെ  എസ്റ്റേറ്റുകളിലേക്ക്  പെരിയാറില്‍ നിന്ന് അനധികൃത ജലമൂറ്റ് രൂക്ഷം.  പെരിയാറിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന  നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ജലക്ഷാമം തിരിച്ചടിയാകും.  ജലമൂറ്റ് തടയണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയില്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്ല.

ഇടുക്കി ജില്ലയിലെ 14 വന്‍കിട എസ്റ്റേറ്റുകളാണ്  വന്‍തോതില്‍ പെരിയാറില്‍ നിന്ന് ജലമെടുക്കുന്നത്.  ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇടുക്കി പെരിയാറിലെ നീരൊഴുക്ക് പൂര്‍ണമായും നിലയ്ക്കും. മിനിറ്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‌ കഴിയുന്ന  ഉഗ്രശേഷിയുള്ള  മോട്ടറുകളാണ് ഓരോ എസ്റ്റേറ്റുകളും ഉപയോഗിക്കുന്നത്.

പെരിയാറിലെ നീരൊഴുക്കു നിലച്ചാല്‍ പീരുമേട്, ഇടുക്കി താലൂക്കുകളിലെ 15-ഓളം വില്ലേജുകളില്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടും. ഇടുക്കി ജലവൈദ്യുത പദ്ധതിയിലേക്ക് ഒരു തുള്ളി വെള്ളംപോലും ഒഴുകിയെത്തുകയുമില്ല. ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ് തോട്ടം നനയ്ക്കുന്നതിന് വെള്ളമെടുക്കാന്‍  അനുമതി നല്‍കേണ്ടത്. എന്നാല്‍ ജലവകുപ്പ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. പകരം അനധികൃത ജലമൂറ്റിനെതിരേ നടപടി എടുക്കണം എന്നാണ്  നിലപാട്.

എസ്റ്റേറ്റുകളുടെ  അനധികൃത ജലമൂറ്റു തടയണമെന്ന ജലസേചനവകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ശുപാര്‍ശയില്‍ റവന്യൂ വകുപ്പ് മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്. ഇടുക്കി, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാര്‍ക്കാണ് ജലവകുപ്പ്  രണ്ടാഴ്ച മുന്‍പ് കത്തു നല്‍കിയത്. നടപടി ഉണ്ടാകാത്തതിനാല്‍ ഒരാഴ്ച മുന്‍പ് ജില്ല കലക്ടര്‍ക്കും കത്തുനല്‍കി. എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.