നയാപൈസ ഇല്ല; ജലരേഖയായി പുനർജനി; പ്രഖ്യാപനത്തിൽ ഒതുങ്ങി ഇടുക്കി പാക്കേജ്

മഹാപ്രളയത്തില്‍ തകര്‍ന്ന ഇടുക്കിക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ നിന്ന്  നയാപൈസ പോലും അനുവദിക്കാതെ സർക്കാർ. 5000 കോടി രൂപയുടെ ഇടുക്കി പുഃനർജനി പാക്കേജ് ജലരേഖയായി. സംസ്ഥാന ബഡ്ജറ്റില്‍ അവഗണിച്ച ജില്ലയ്ക്ക് പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് പുനര്‍ജനി പാക്കേജ്  പോലും പ്രഖ്യാപിച്ചത്.

പ്രളയം തകർത്തെറിഞ്ഞ ഇടുക്കിക്ക് പുഃനർജീവനം നൽകാനും, പ്രളയക്കെടുതിയിൽ നിന്നു കൈപിടിച്ചു ഉയർത്താനും ബജറ്റിൽ പുത്തൻ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണു കരുതിയതെങ്കിലും കടുത്ത അവഗണനയാണു സർക്കാർ കാട്ടിയത്.  നവകേരള നിർമാണത്തിന് പ്രഖ്യാപിച്ച 25 പദ്ധതികളിൽ ഒരിടത്തും ഇടുക്കി ജില്ലയ്ക്കു പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചില്ല. തുടർന്നു വ്യാപക പ്രതിഷേധം ഉയർന്നപ്പോൾ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സർക്കാർ തട്ടികൂട്ടിയതാണ് 5000 കോടിയുടെ ഇടുക്കി പുഃനർജനി പാക്കേജ്. കഴിഞ്ഞ വർഷം ഫെബ്രുവരി 6 ന് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിക്കിടെ ധനമന്ത്രിയുടെ വമ്പന്‍ പദ്ധതി പ്രഖ്യാപനം  ആദ്യ വർഷം തന്നെ 1500 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച് ഇടുക്കി ജില്ലാ ഭരണകൂടത്തിനു  ഇതു വരെ ഉത്തരവു പോലും കൈമാറിയിട്ടില്ല.

ഉരുൾപൊട്ടൽ പ്രദേശങ്ങളെ ബലപ്പെടുത്താൻ 5 കോടി രൂപ മാത്രമാണ് അന്ന് നീക്കി വച്ചത്.  കാർഷിക മേഖലയ്ക്ക് ആകെ 2500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയിലായ കുരുമുളക്, ഏലം, ജാതി, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങൾക്ക് 10 കോടി രൂപ മാത്രമാണ് നീക്കി വച്ചത്. പച്ചക്കറി കർഷകർക്ക് പ്രത്യേക സഹായവും പ്രഖ്യാപിച്ചില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടുക്കി ജില്ലയ്ക്കായി പ്രത്യേക പാക്കേജ് തയാറാക്കും എന്നു പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പുനർജനി പാക്കേജിന്റെ വിധിയായിരിക്കുമോ പുതിയ പാക്കേജിന് എന്നാണ്  ആശങ്ക.