മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി; വെള്ളത്തിൽ വീണ് വിദ്യാർഥി മരിച്ചു

തെങ്ങിൻ തടിയിൽ നിന്നു കൊണ്ടു കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽവഴുതി മണൽ കുഴിയിലെ വെള്ളത്തിൽ വീണ് പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കരുമം കരുമംപുര പുത്തൻ വീട്ടിൽ രമേശ് കുമാർ–സിന്ധു ദമ്പതികളുടെ മകൻ അമൽകുമാർ(15) ആണ് മരിച്ചത്. എസ്എംവി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ വീടിനു സമീപത്തെ ചതുപ്പിൽ ചൂണ്ടയിട്ട് മീൻ പിടിക്കുമ്പോഴാണ് അപകടം. നേരത്തെ മണലെടുത്തതിനെത്തുടർന്നു രൂപപ്പെട്ട ആഴമുള്ള കുഴിയായിരുന്നു ഇത്. ഇവർ നിന്നിരുന്ന തടിയിൽ നിന്ന് അമൽ കുമാർ കാൽ തെറ്റി ചതുപ്പിലേക്കു വീണുപോയതാകാമെന്നാണു കരുതുന്നത്.

കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും മണൽക്കുഴിയിൽ അകപ്പെട്ടുപോയിരുന്നു. പിന്നീടു ഫയർഫോഴ്സ് സംഘമെത്തി അമൽകുമാറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . രമേശ് കുമാർ നഗരസഭാ ജീവനക്കാരനാണ്  . സഹോദരി: അമല കുമാരി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.