വയനാട്ടിൽ നാലുപേർക്ക് കുരങ്ങുപനി; അതീവ ജാഗ്രതാ

വയനാട്ടില്‍ കുരങ്ങുപനിക്കെതിരെ അതീവ ജാഗ്രതാ നിര്‍ദേശം. ഈ മാസം മാത്രം നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യത്തിന് പ്രതിരോധ വാക്സിനുകള്‍ ജില്ലയിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നാല് കേസുകളും അപ്പപ്പാറ പ്രാഥമികആരോഗ്യ കേന്ദ്രത്തിന് പരിധിയിലാണ്. എല്ലാവരും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ജീവിക്കുന്നവര്‍. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ യുവതിക്കാണ് ഏറ്റവും അവസാനം രോഗം വന്നത്. ഇവര്‍ മാനന്തവാടി ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്.

പ്രദേശത്ത് കഴിഞ്ഞ ദിവസം ചത്ത കുരങ്ങിനെ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പ് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചുവരുന്നതായി ഡി.എം.ഒ ആര്‍.രേണുക അറിയിച്ചു. കൂടുതല്‍ വാക്സിനുകള്‍ എത്തിക്കും. വനവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 2015 ല്‍ കുരങ്ങുപനി ബാധിച്ച് 11 പേര്‍ ജില്ലയില്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഒരു മരണമുണ്ടായി.