ഇന്ന് സിഒപിഡി ദിനം; പോരാടുന്നത് ദശലക്ഷക്കണക്കിന് പേർ; എങ്ങനെ പ്രതിരോധിക്കാം?

ഇന്ന് സി.ഒ.പി.ഡി ദിനം. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണിത്. പുകവലിയും വായുമലിനീകരണവും ആണ് ഈ ശ്വാസകോശരോഗത്തിന്റെ പ്രധാന കാരണം. വര്‍ഷം തോറും ഇന്ത്യയില്‍ മാത്രം ദശലക്ഷക്കണക്കിന് പേരാണ് സി.ഒ.പി.ഡി രോഗാവസ്ഥയോട് പോരാടി ജീവിക്കുന്നത്. ആരോഗ്യകരമായ ശ്വാസകോശം, അതിലും വലുതായി മറ്റൊന്നുമില്ല എന്നതാണ് ഇത്തവണത്തെ പ്രചാരണവാക്യം.

 inflamatory വിഭാഗത്തില്‍ പെട്ട ഈ രോഗം ശ്വാസഗതിയെ തടസ്സപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യുക. ഒരാള്‍ ശ്വസിക്കുമ്പോള്‍ ശ്വാസനാളത്തിലൂടെയെത്തുന്ന വായു ശ്വാസകോശത്തിലെത്തി ശുദ്ധീകരിക്കപ്പെട്ട് മറ്റുശരീരഭാഗങ്ങളിലേക്ക് പ്രവഹിക്കുന്നു. ഈ പ്രക്രിയ സുഗമമാക്കാന്‍ ശ്വാസകോശം ആശ്രയിക്കുന്ന ഉപശ്വാസനാളികളുടെയും AIR ബാഗുകളുടെയും അയവില്ലാതാക്കി ക്രമേണ ശ്വാസനാളം നീരുവെക്കുന്ന അവസ്ഥയിലെത്തിക്കുകയാണ് സി.ഒ.പി.ഡി എന്ന രോഗാവസ്ഥയിലുണ്ടാവുന്നത്. വായുഗമനം സുഗമമാകാതെ വരുകയും ശ്വാസം നാളത്തില്‍ കുടുങ്ങുകയും ചെയ്യും. ഹൃദയസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, വിഷാദരോഗം എന്നീ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്ന ഒന്നുകൂടിയാണ് സി.ഒ.പി.ഡി . 

എങ്ങിനെയാണ് ഈ രോഗബാധ ഉണ്ടാകുന്നത്. വലിയൊരു ശതമാനം ആളുകളിലും പുകവലിയാണ് കാരണം. കൂടാതെ ആസ്തമ, ജനിതക തകരാറുകള്‍, മാരകമായ രാസപദാര്‍ത്ഥങ്ങളും പൊടിയുമുള്ള അന്തരീക്ഷത്തില്‍ ഏറെ നേരം ജോലിചെയ്യുന്നവര്‍, ഗൃഹപരിസരങ്ങളില്‍ കൂടിയ അളവില്‍ പുക ശ്വസിക്കേണ്ടിവരുന്നവര്‍ ...ഇവരൊക്കെയും ഈ രോഗത്തിന് ഇരകളാകാം. എന്തൊക്കെയാണ് ലക്ഷണങ്ങളെന്ന് നോക്കാം. ശ്വാസതടസം, കടുത്ത ചുമ, നെഞ്ചില്‍ മുറുക്കം, വലിവ്, dyspnea വായുവിന്റെ അളവ് കുറയുക, അനിയന്ത്രിതമായ അളവില്‍ കഫമുണ്ടാവുക ഇതൊക്കെ പ്രാഥമിക ലക്ഷണങ്ങളാണ്. തലകറക്കം, വിളര്‍ച്ച, അനിയന്ത്രിതമായി ഭാരം കുറയുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെ രോഗം മൂര്‍ച്ഛിക്കുന്തോറും സംഭവിക്കാം. രോഗം ഒരിക്കല്‍ പിടിപെട്ടാല്‍ പൂര്‍ണമായി ഭേദമാക്കാനാവില്ല. എന്നാല്‍ കൃത്യമായ രോഗനിര്‍ണയവും ചികില്‍സയും കൊണ്ട് രോഗാവസ്ഥ നിയന്ത്രിച്ച് നിര്‍ത്താം. പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക, കൃത്യമായ വ്യായാമം, പ്രാണായാമം പോലെയുള്ള ശ്വസനക്രിയകള്‍ ശീലിക്കുക, ആരോഗ്യകരമായ ഭക്ഷണരീതി ...ഇതൊക്കെ രോഗാവസ്ഥ വഷളാവാതിരിക്കാന്‍ സഹായിക്കുന്നു. 40ന് മേല്‍ പ്രായമുള്ളവരിലാണ് സി.ഒ.പി.ഡി കൂടുതലായും കാണുന്നത്. രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുക, പുകവലി പോലുള്ള ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കുക എന്നതാണ് ഈ ദിനാചരണംകൊണ്ട് ലക്ഷ്യമിടുന്നത്.