കൊമ്പൻ ഇടഞ്ഞോടി; കൊമ്പ് കല്ലിൽ തടഞ്ഞു; പാപ്പാൻ രക്ഷപെട്ടത് ഇങ്ങനെ

വെന്നൂർ മാഞ്ചാടി നേർച്ചയ്ക്കെത്തിയ പഞ്ചമത്തിൽ ദ്രോണ എന്ന കൊമ്പൻ ഇടഞ്ഞോടി. ഒന്നാം പാപ്പാനെ തട്ടിയിട്ടു കുത്താൻ ശ്രമിച്ചെങ്കിലും കരിങ്കല്ലിൽ കൊമ്പു തടഞ്ഞതിനാൽ പാപ്പാൻ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നോടെ ചമയങ്ങൾ കെട്ടിയൊരുങ്ങുന്നതിനു തൊട്ടുമുമ്പാണ് ഇടഞ്ഞത്. പാപ്പാനെ തട്ടിയിട്ടു ചങ്ങല പൊട്ടിച്ചോടിയ ആന ഭഗവതിക്കോട്ടത്തിനു സമീപത്തെത്തി നിന്നു. 

കുന്നംകുളത്തു നിന്നെത്തിയ എലിഫന്റ് സ്ക്വാഡ് പ്രവർത്തകരും മറ്റ് ആനകളുടെ പാപ്പാൻമാരും ചേർന്നു നാലരയോടെ തളയ്ക്കാൻ ശ്രമം തുടങ്ങി. പാപ്പാനെ മാത്രം ലക്ഷ്യംവച്ച ആന തളയ്ക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ വാഴത്തോട്ടത്തിലൂടെ ഇറങ്ങിയോടിയെങ്കിലും പിന്നെയും ഭഗവതിക്കോട്ടത്തെത്തി. കെണിയും കുരുക്കുമിട്ടു തളയ്ക്കാനുള്ള ശ്രമങ്ങളൊക്കെ വിഫലമാക്കിയ ആന കാലിൽ കുരുക്കിയ വടം ബന്ധിച്ച മരം പിഴുതെറിഞ്ഞു. 

ഈ മരവും വലിച്ചുകൊണ്ട് ഓടുകയും ചെയ്തു. കലിയടങ്ങാതെ പല മരങ്ങളും ആന കുത്തിമറിച്ചിട്ടു. പാപ്പാൻമാർ പഴം കൊടുത്ത് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല. രാത്രി ഏഴോടെയാണു തളയ്ക്കാനായത്.