കാട്ടുതീ ഭീതിയില്‍ ഹൈറേഞ്ച് മേഖല; ഉടുമ്പഞ്ചോലയിൽ ജാഗ്രത നിർദേശം

വേനല്‍ ശക്തമാകുന്നതോടെ കാട്ടുതീ ഭീതിയില്‍ ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖല. മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയതോടെ തീ പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. മുൻവർഷങ്ങളിൽ കാട്ടുതീ മൂലം ജില്ലയിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ഉടുമ്പഞ്ചോലയിൽ  ജാഗ്രത പാലിയ്ക്കണമെന്ന് അഗ്നിശമന സേന മുന്നറിയിപ്പ് നല്‍കി. 

വേനല്‍കാലത്ത് ഇടുക്കി ജില്ലയിലെ മൊട്ടകുന്നുകളില്‍ തീ പടര്‍ന്ന് പിടിയ്ക്കുന്നത് സാധാരണമാണ്. പലപ്പോഴും കൃഷിയിടങ്ങളിലേയ്ക്ക് വ്യാപിക്കുന്ന തീ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.  കഴിഞ്ഞ വര്‍ഷം ഇടുക്കി ജില്ലയില്‍ കാട്ടു തീ ഏറ്റവും അധികം നാശം വിതച്ചത് നെടുങ്കണ്ടം, രാമക്കൽമേട്, കൈലാസപ്പാറ മലനിരകൾ, ഉടുമ്പഞ്ചോല തുടങ്ങിയിടങ്ങളിലാണ്. കൃഷിയിടങ്ങളിലേയ്ക്ക് തീ പടരാതിരിക്കാന്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിയ്ക്കണമെന്ന് അഗ്നിശമനസേന മുന്നറിയിപ്പ് നൽകി.

കൃഷിയിടങ്ങളുടേയും വീടുകളുടേയും സമീപത്തായി മൂന്ന് മീറ്റര്‍ ചുറ്റളവില്‍ ഫയര്‍ ലൈനുകള്‍ തെളിയ്ക്കണം. കരിഞ്ഞുണങ്ങിയ കുറ്റിക്കാടുകളും പുല്‍മേടും നശിയ്ക്കുന്നതിനായി ചിലര്‍ തീയിടുന്നതാണ് വന്‍ തീപിടുത്തതിന് കാരണമാകുന്നത്.  ടൂറിസ്റ്റുകള്‍ക്കായി നടത്തുന്ന ക്യാമ്പ് ഫയര്‍ അണയ്ക്കാത്തതും തീ പിടുത്തതിന് ഇടയാക്കുന്നു. ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നവര്‍ മുന്‍കരുതല്‍ സ്വീകരിയ്ക്കുകയും തീ അണഞ്ഞെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.