കൊടും ചൂടില്‍ പാലക്കാട്; ഒന്നര മാസത്തിനിടെ കത്തിയമര്‍ന്നത് ഇരുപത് ഹെക്ടറിലേറെ വനം

പാലക്കാടന്‍ ചൂടില്‍ കത്തിയമര്‍ന്ന് പശ്ചിമഘട്ട മലനിര. ഒന്നര മാസത്തിനിടെ ഇരുപത് ഹെക്ടറിലേറെ വനമാണ് ചാരമായത്. പകല്‍ സമയത്ത് പോലും വനമേഖലയില്‍ തീപടര്‍ന്നാല്‍ ഇപ്പോഴും നോക്കി നില്‍ക്കാനേ വനംവകുപ്പിന് കഴിയൂ എന്ന സ്ഥിതിയാണ്. 

പ്രകൃതിയുടെ ഉള്ള് പൊള്ളിച്ച് കത്തിയമരുകയാണ് കാട്. തീയണയ്ക്കാൻ ചുമതലപ്പെടുത്തിയവരുടെ കൈയിൽ അത്യാധുനികമെന്ന് തോന്നിക്കുന്ന കമ്പ് മാത്രം. ജീവൻ അപകടത്തിലാണെന്ന് ഇവർക്കറിയാം. ഇത് അവഗണിച്ചാണ് പച്ചപ്പും ജീവജാലങ്ങളുടെ ശ്വാസവും നിലനിർത്താനുള്ള പെടാപ്പാട്. ചൂട് കാലത്ത് ഇത് പതിവാണെങ്കിലും ഫയർ ലൈൻ കടന്നും കാട് ചാരമാക്കുന്ന മട്ടിലാണ് തീയുടെ വ്യാപനം. വനം കത്താതിരിക്കാൻ എല്ലാ മാർഗങ്ങളും പരീക്ഷിക്കുമെന്ന് വലിയ മട്ടിൽ പ്രഖ്യാപനം നടത്തിയവർ വീണ്ടും കാടിനെ മറന്നു. കരുതലിനായി ഉറക്കമൊഴിയുന്നവരെയും കണ്ടില്ലെന്ന് നടിച്ചു.

പാലക്കാട് മാത്രം ഇരുപത് ഹെക്ട‌റിലധികം വനം ഒന്നര മാസത്തിനിടെ കത്തിനശിച്ചു. ചൂട് തുടങ്ങിയപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ തീവ്രതയേറുമ്പോൾ മൃഗങ്ങൾ ഉൾപ്പെടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുമെന്ന് ഉറപ്പാണ്. കാട് കത്തിയമരുന്നത് നിരാശയോടെ നേക്കി നിൽക്കുന്നതിന് പകരം തീ കെടുത്താൻ അത്യാധുനിക സംവിധാനങ്ങള്‍ ഉറപ്പാക്കണം. പ്രകൃതിയെ സംരക്ഷിക്കുന്നവരെന്ന് വെറുതെ പറഞ്ഞാൽ പോരെന്ന് ചുരുക്കം. 

More than twenty hectares of forest were burnt in one and a half months