പാലക്കാട് തിരുമിറ്റക്കോട് പള്ളിപാടത്ത് അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുന്നുവെന്ന പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്ന് മന്ത്രിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ചെമ്പ്ര കുന്നിലെ കരിങ്കല്‍ ഖനനത്തിനെതിരെയുള്ള ജനകീയ സമരവും ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

ദേശീയപാത നിർമാണത്തിനാണ് തിരുമിറ്റക്കോട്ടെ മണ്ണെടുക്കലെന്നാണ് വിശദീകരണം. ഖനനത്തിനുള്ള അനുമതിയോ, എടുക്കുന്ന മണ്ണിന്റെ അളവോ വ്യക്തമല്ലാത്തതാണ് ദുരൂഹത. ജീവഹാനി വരുത്തും മട്ടില്‍ പാറക്കല്ലുകള്‍ ജനവാസമേഖലയിലേക്ക് ഉരുണ്ടുവീഴുന്നതും പതിവായിട്ടുണ്ട്. മന്ത്രിയും റവന്യൂ വകുപ്പ് അധികൃതരും മണ്ണെടുക്കുന്ന സ്ഥലത്ത് നേരിട്ടെത്തി. യാതൊരുവിധ മാനദണ്ഡവും പാലിക്കുന്നില്ലെന്ന ആശങ്ക നാട്ടുകാര്‍ മന്ത്രിയെ ധരിപ്പിച്ചു. നിയമ വിരുദ്ധമായും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുമാണ് മണ്ണെടുപ്പ് നടത്തിയിട്ടുള്ളതെന്ന് നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് ജിയോളജി വകുപ്പ് ഖനനം നിർത്തിവയ്ക്കാൻ നിർദേശിച്ചത്. വീഴ്ചയുണ്ടെങ്കില്‍ പരിശോധിച്ച് അടിയന്തര നടപടിയെടുക്കുമെന്ന് മന്ത്രി. 

തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്തുകളില്‍ ഉൾപ്പെടുന്ന ചെമ്പ്ര കുന്നിലെ കരിങ്കല്‍ ക്വാറിയിലും മന്ത്രിയെത്തി. ജനകീയ സമരത്തെ തുടർന്ന് ഒരുതവണ നിർത്തിയ ക്വാറി വീണ്ടും പ്രവർത്തനം തുടങ്ങിയത് മുതല്‍ ആരംഭിച്ച ജനകീയ സമരം തുടരുന്നുണ്ട്. മന്ത്രി സമര പന്തലിലെത്തി നാട്ടുകാരുമായി സംസാരിച്ചു. കരിങ്കല്‍ ക്വാറിയുടെയും മണ്ണിടിക്കലിന്റെയും മറവില്‍ ഉദ്യോഗസ്ഥ തലത്തില്‍ വ്യാപക നിയമലംഘനം നടക്കുന്നതായി വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. 

Complaint of illegal hill cutting and soil transportation