ആദ്യം 'ആധാരത്തിൽ' കള്ളം; പത്രത്തിൽ പരസ്യം: ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ

ആധാരം പണയപ്പെടുത്തി വായ്പയെടുത്തത് അറിയാതിരിക്കാനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കോഴിക്കോട് മണാശ്ശേരി ഇരട്ടക്കൊലക്കേസ് പ്രതി ബിര്‍ജു. മാതാവ് ജയവല്ലിയറിയാതെ ബിര്‍ജു 6 ലക്ഷം രൂപ വായ്പ എടുത്തിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിനായി കൃത്രിമ രേഖകളും തയാറാക്കിയെന്നാണ് ബിര്‍ജുവിന്റെ മൊഴി. 

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ആധാരം പണയപ്പെടുത്തിയ വിവരം ജയവല്ലി അറിയുമെന്ന് ബിര്‍ജു കരുതി. ഇത് മറയ്ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അമ്മ മരിച്ചാൽ സ്വത്തുക്കൾ സ്വന്തമാക്കാമെന്ന ആഗ്രഹവും കൊലയ്ക്ക് കാരണമായി. ജയവല്ലിയുടെ പേരിലുള്ള 10 സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ആധാരം കൈവശപ്പെടുത്തിയ ശേഷം ജയവല്ലിയുടെ പേരിൽ വ്യാജ അപേക്ഷ തയാറാക്കി. മറ്റ് രേഖകളെല്ലാം രഹസ്യമായി സംഘടിപ്പിച്ച് കോഴിക്കോട്ടെ വാണിജ്യബാങ്കിൽ നിന്ന് വായ്പയെടുക്കുകയായിരുന്നു. 

ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം സ്വത്തുക്കൾ ബിർജുവിന്റെ പേരിലേക്ക് മാറ്റിയെങ്കിലും യഥാർഥ ആധാരം ബാങ്കിലായിരുന്നു. വീടും സ്ഥലവും വാങ്ങാൻ തയാറായ അയൽവാസിയോടു വസ്തുവിന്റെ യഥാര്‍ഥ ആധാരം നഷ്ടപ്പെട്ടുവെന്നാണ് ബിർജു പറഞ്ഞത്.  ആധാരത്തിന്റെ പകർപ്പ് ലഭിക്കാനായി യഥാര്‍ഥ ആധാരം നഷ്ടമായതായി പത്രങ്ങളിൽ പരസ്യം ചെയ്തു. ഇതു ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നീക്കം പൊളിഞ്ഞു. തുടർന്നു വസ്തു വാങ്ങിയ അയൽവാസിയാണ് വായ്പ തിരിച്ചടച്ച് ആധാരം ബാങ്കിൽ നിന്നു തിരിച്ചെടുത്തത്.