4 വർഷം മുൻപ് കാണാതായ മാല വിറ്റ വാഷിങ് മെഷീനിൽ ഒളിച്ചിരുന്നു; ഒടുവിൽ..

representative image

കൊരട്ടി(ചാലക്കുടി): കാലപ്പഴക്കത്തെ തുടർന്ന് വിറ്റ വാഷിങ് മെഷീനിൽ നിന്ന് കിട്ടിയ 3 പവൻ തൂക്കമുള്ള സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി സർവീസ് സെന്റർ ജീവനക്കാരൻ തിരികെ നൽകി. കൊരട്ടി-കാതിക്കുടം ജംക്‌ഷനിൽ കൂൾ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂർ സ്വദേശി പാറയ്ക്കൽ അനിൽ തോമസാണ്  വാഷിങ് മെഷീൻ ഉടമയെ കണ്ടെത്തി സ്വർണമാല ഏൽപിച്ചത്.

ചെറുവാളൂർ ശ്രീവിലാസത്തിൽ അജിത് കുമാറിന്റെതായിരുന്നു മാല. 4 വർഷം  മുൻപാണ് മാല കാണാതായത്. അജിത്തും ഭാര്യ സുജിതയും ഒരു പാടു തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. പഴയ വാഷിങ് മെഷീൻ ഒരു മാസം മുൻപാണ് കൂൾ ഹൗസിൽ വിറ്റത്. മെഷീനിലെ അഴുക്കുവെള്ളം പോകുവാനുള്ള പൈപ്പിലാണ് മാല കണ്ടത്. തുടർന്ന് ഉടമയെ കണ്ടെത്തി കൈമാറി. സത്യസന്ധതയ്ക്ക് നാട്ടുകാരുടെ അഭിനന്ദനം ലഭിച്ചു.