ടോൾ പ്ലാസകളിൽ യാത്രാദുരിതം; കുരുക്ക് രൂക്ഷമായി പാലിയേക്കരയും പൊന്നാരിമംഗലവും

ഇളവ് അനുവദിച്ചിട്ടും കേരളത്തിലെ ടോൾ പ്ലാസകളിൽ യാത്രാദുരിതം. തൃശൂർ പാലിയേക്കരയിലും കൊച്ചി പൊന്നാരിമംഗലത്തുമാണ് കുരുക്ക് രൂക്ഷം.  

കൊച്ചി കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലം ടോൾ പ്ലാസയിലും സ്ഥിതി രൂക്ഷം. അഞ്ചു ട്രാക്കിൽ ഒരെണ്ണം മാത്രമാണ് പണം കൊടുത്തു പോകാൻ കഴിയുന്നത്. ഒരു ട്രാക്ക് തദ്ദേശിയരായ യാത്രക്കാർക്കുള്ളതാണ്. കണ്ടെയ്നർ റോഡിൽ കിലോമീറ്റർ നീളുന്ന ക്യൂവാണ്. ചരക്കു ലോറികളും സ്വകാര്യ വാഹനങ്ങളും ഏറെ നേരം വരികിടക്കേണ്ട അവസ്ഥ. 

നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും പാലിയേക്കര ടോൾ പ്ലാസയിൽ കുരുക്ക് മുറുകി. ആറു ട്രക്കുകളിൽ നാലും ഫാസ്റ്റാഗായി തുടരുന്നു. രണ്ടു ട്രാക്കുകളിൽ മാത്രമാണ് പണം നൽകി പോകാൻ കഴിയുന്നത്. കുരുക്ക് കൂടുതൽ രൂക്ഷമാകുമ്പോൾ ഫാസ്റ്റാഗ് ട്രാക്കുകളുടെ എണ്ണം കുറച്ചാണ് പരിഹരിക്കുന്നത്. ഫാസ്റ്റാഗ് കാർഡുള്ളവരും കുരുക്കിൽ അകപ്പെടുന്നതാണ് പ്രശ്നം. ടോൾ പ്ലാസ എത്തുന്നതിന് വളരെ മുമ്പേ തന്നെ കാർഡുള്ളവരേയും ഇല്ലാത്തവരേയും വേർതിരിച്ച് വിടുക മാത്രമാണ് പോംവഴി.

ഇതിനിടെ , ഫാസ്റ്റാഗ് കാർഡില്ലാത്തവർക്ക് ഇരുവശത്തേയ്ക്കും ഒന്നിച്ച് ടോൾ നൽകാനാകില്ല. 75 രൂപയാണ് ഒരു വശത്തേയ്ക്കുള്ള തുക. കാർഡില്ലാത്തവർ മടക്ക യാത്രയ്ക്ക് വീണ്ടും 75 രൂപ ടോൾ നൽകണം. നേരത്തെ 105 രൂപ നൽകിയാൽ മടക്കയാത്രയും അനുവദിക്കുമായിരുന്നു. കാർഡ് ഇല്ലാത്തവർ 150 രൂപ മുടക്കേണ്ട സ്ഥിതിയാണ്. ഈ പരിഷ്ക്കാരം വരും ദിവസങ്ങളിൽ നടപ്പാക്കും . അതേസമയം , കുമ്പളം ടോൾ പ്ലാസയിൽ മറ്റ് രണ്ടിടങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവാണ് .