ഏകമകന്‍ മരിച്ചു, അന്‍പത്തിരണ്ടാം വയസ്സില്‍ ഇരട്ടകുട്ടികള്‍; ഇനി വേണം ഒരു വീട്

അന്‍പത്തിരണ്ടാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കി തൃശൂര്‍ തലോര്‍ സ്വദേശി ലളിത. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലായിരുന്നു രണ്ടു കുട്ടികളുടേയും ജനനം. ലളിതയുടെ ഇരുപത്തിമൂന്നുകാരനായ ഏക മകന്‍ രണ്ടു വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു.  

തൃശൂര്‍ തലോര്‍ സ്വദേശികളായ മണി, ലളിത ദമ്പതികള്‍ക്കാണ് അന്‍പതു പിന്നിട്ട ശേഷം രണ്ടു കുഞ്ഞുങ്ങള്‍ ജനിച്ചത്. ഇവരുടെ ഏകമകന്‍ മരിച്ചത് ഇരുപത്തിമൂന്നാം വയസില്‍ ബൈക്കപകടത്തിലായിരുന്നു. രണ്ടു വര്‍ഷം മുമ്പുണ്ടായ ഈ അപകടത്തിനു ശേഷം ഐ.വി.എഫ് ചികില്‍സ തേടി. തൃശൂരിലെ സ്വകാര്യ ആശുപത്രി സൗജന്യമായാണ് ചികില്‍സ നല്‍കിയത്. തൃശൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഡിസംബര്‍ പതിനേഴിനായിരുന്നു ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഒന്നേമുക്കാല്‍ കിലോയായിരുന്നു തൂക്കം. മൂന്നാഴ്ച നീണ്ട ചികില്‍സയ്ക്കു ശേഷം ഇവര്‍ ആശുപത്രി വിടുകയാണ്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഭര്‍ത്താവ് മണി. ഇവരുടെ വീടാകട്ടെ പഴയതും. ചിതലെടുത്ത മേല്‍ക്കൂര മാറ്റണം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും പരിചരണത്തിലായിരുന്നു ഇവര്‍ ഒരു മാസം കഴിഞ്ഞത്. അമ്മയേയും കുഞ്ഞുങ്ങളേയും തല്‍ക്കാലം സന്നദ്ധ സ്ഥാപനത്തിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. 

ആരവ്, ആദവ് എന്നു പേരിട്ട കുഞ്ഞുങ്ങളെ ലഭിച്ചതോടെ ഈ ദമ്പതികള്‍ ആഹ്ലാദത്തിലാണ്. ഏകമകന്‍ മരിച്ചുപോയതിന്‍റെ ദുഃഖത്തിനിടെയാണ് രണ്ടു മക്കള്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തുന്നത്. സന്‍മനസുള്ളവര്‍ സഹായിച്ചാല്‍ ഇവര്‍ക്ക് നല്ലൊരു വീടു ലഭിക്കുമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്സുമാരും പറയുന്നു.