നിയമം ലംഘിച്ചവര്‍ പെട്ടത് കാലന്‍റെ കുരുക്കില്‍‍; പിന്നീട് സംഭവിച്ചത്

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി കണ്ണൂരിലെ നിരത്തില്‍ കാലന്‍ ഇറങ്ങി. റോ‍ഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പാണ് കാലനെ നിരത്തിലിറക്കിയത്. നിയമലംഘനം നടത്തിയവരെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം, മുന്നറിയിപ്പും നല്‍കിയാണ് കാലന്‍ യാത്രയാക്കിയത്.

ഗതാഗത നിയമം ലംഘിച്ച് നഗരനിരത്തിലൂെട പാഞ്ഞവരെല്ലാം കാലന്റെ കുരുക്കില്‍ പെട്ടു.പിടിയിലായവരെ നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി, നിയമം പാലിക്കാത്തവര്‍ക്കൊപ്പം നിഴല്‍പോലെ താനുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. ഗതാഗത നിയമങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടി.

ഹെല്‍മെറ്റ് ഇല്ലാത്ത പിന്‍സീറ്റ് യാത്രക്കാരും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരുമായിരുന്നു കാലന്റെ പിടിയിലായവരില്‍ എറിയപങ്കും. ഹെല്‍മെറ്റുണ്ടായിട്ടും  ധരിക്കാതെ എത്തിയ വിരുതന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനിടെ നിയമം പാലിലിച്ചെത്തിയവര്‍ക്ക് കാലന്‍ സമ്മാനങ്ങളും നല്‍കി. ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.