ധനുവെത്തിയിട്ടും പെയ്തൊഴിയാതെ തുലാമഴ; ഒൻപത് മഴമാസങ്ങൾ നനഞ്ഞ് കേരളം

തുലാവര്‍ഷം പെയ്തൊഴിയാതെ കേരളം.  ഇത്തവണ സംസ്ഥാനത്ത് മുപ്പത് ശതമാനം അധികം തുലാമഴ ലഭിച്ചു. കണ്ണൂര്‍, എറണാകുളം, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴകിട്ടിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ആഴ്ചയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ധനുമാസം എത്തിയിട്ടും ഇത്തവണ തുലാമഴ അവസാനിച്ചിട്ടില്ല . ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഡിസംബര്‍ 25 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 30 ശതമാനം അധികം മഴയാണ് കിട്ടിയത്. 488 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 635 മില്ലീ മീ്റ്റര്‍ മഴ പെയ്തു. എറണാകുളത്ത് 84, കാസര്‍കോട് 82, കണ്ണൂരില്‍ 63 ശതമാനം വീതം അധികം മഴ ലഭിച്ചു. ലഭിക്കേണ്ടതിനെക്കാള്‍ വളരെക്കൂടുതലാണിതെന്ന് കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു. തൃശ്ശൂര്‍, വയനാട്, മലപ്പുറം, ,കോഴിക്കോട്. പത്തനംതിട്ട, കോട്ടയം എന്നീ ആറുജില്ലകളിലും സാധാരണയെക്കാളധികം മഴപെയ്തു. തിരുവനന്തപുരം , കൊല്ലം, ഇടുക്കിജില്ലകളില്‍  മാത്രമാണ് സാധാരണ അളവില്‍ മഴകിട്ടിയത്. നീണ്ടു നില്‍ക്കുന്ന 2019ലെ മഴക്കാലത്ത്  ഒന്‍പത് ചുഴലിക്കാറ്റുകളാണ് അറേബ്യന്‍ സമുദ്രത്തില്‍ രൂപമെടുത്തത്. ഇന്ത്യയുടെ പടിഞ്ഞാറന്‍തീരപ്രദേശത്തും ലക്ഷദ്വീപിലും മഴ കൂടാന്‍ ഇത് കാരണമായി. ഒരേസമയം രണ്ട് ചുഴലിക്കാറ്റുകള്‍ അറേബ്യന്‍ സമൂദ്രമേഖലയില്‍ രൂപമെടുക്കുന്ന അപൂര്‍വ്വ പ്രതിഭാസവും ഇത്തവണ ഉണ്ടായി. സമുദ്രത്തിന്‍റെ ചൂട് കൂടിയതും ഭൂമധ്യ രേഖാപ്രദേശത്ത് മഴക്ക് അനുകൂലമായ കാലാവസ്ഥാ ഘടകങ്ങള്‍ നീണ്ടു നിന്നുതുമാണ് 2019 ല്‍ മഴ കൂടാന്‍കാരണം. ഏപ്രിലില്‍ ആരംഭിച്ച വേനല്‍മഴ കാലവര്‍ഷത്തിലേക്കും,. പിന്നീട് തുലാവര്‍ഷത്തിലേക്കും നീണ്ടപ്പോള്‍ കേരളത്തിന് ലഭിച്ചത് ഒന്‍പത് മഴമാസങ്ങള്‍.