വഴിയരികില്‍ ശുചിമുറി മാലിന്യം തള്ളുന്നു; സാമൂഹ്യവിരുദ്ധരുടെ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ

 ഇടുക്കി നെടുങ്കണ്ടത്ത് സംസ്ഥാന പാതയിലും സമാന്തര പാതയിലും ശുചിമുറി മാലിന്യവും ചാണകവും  തള്ളുന്നത് പതിവാകുന്നു. രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധർ വഴിയരുകില്‍  മാലിന്യം തള്ളുന്നത് . മാലിന്യത്തില്‍   തെന്നിവീണ്  ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരുക്കേറ്റു  

നെടുങ്കണ്ടം എഴുകുംവയൽ മുതൽ നെടുങ്കണ്ടം മാവടി റോഡ് വരെയാണ് കഴിഞ്ഞ ദിവസം  മാലിന്യം തള്ളിയത്. ദുർഗന്ധം മൂലം നാട്ടുകാർക്ക് വഴി നടക്കാനാവാത്ത അവസ്ഥയാണ്. വാഹനങ്ങൾ കയറിയിറങ്ങി റോഡിലാകെ  മാലിന്യം നിറഞ്ഞതോടെ  കാൽനട യാത്ര പോലും ദുസ്സഹമായി.  

കഴിഞ്ഞദിവസം സംസ്ഥാനപാതയിൽ വട്ടപ്പാറയ്ക്കും പാമ്പാടുംപാറയ്ക്കു മിടയിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലേക്കും കുടിവെള്ള സ്രോതസിന് സമീപവും ശുചിമുറി മാലിന്യം തള്ളിയിരുന്നു. 

കുറ്റക്കാര്‍ക്കെതിരെ അധികൃതർ നടപടി എടുക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.