‘ഇവരും സംഘപരിവാറും തമ്മിൽ എന്തുവ്യത്യാസം?’: എസ്എഫ്ഐക്കെതിരെ വിഷ്ണുനാഥ്: കുറിപ്പ്

തൃശൂര്‍ കേരളവര്‍മ കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തെ വിമർശിച്ച് പി.സി വിഷ്ണുനാഥ്. പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവർക്ക് പൊതുസമൂഹത്തിൽ അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും അവകാശവുമുണ്ട്. അതിനോട് നമുക്ക് വിയോജിപ്പുണ്ടെങ്കിലും അങ്ങനെ അഭിപ്രായം പറയുന്നവരെ വളഞ്ഞിട്ട് അക്രമിക്കുന്നതും അസഹിഷ്ണുതയും ഫാസിസവുമാണ്. എന്താണ് കേരള വർമ്മ കോളേജിലെ ആൾക്കൂട്ടവും ഉത്തരേന്ത്യയിൽ സംഘപരിവാറിന്റെ ആൾക്കൂട്ടവും തമ്മിലുള്ള വ്യത്യാസമെന്നും വിഷ്ണുനാഥ് ചോദിക്കുന്നു. 

പൗരത്വ ബില്ലിനെ അനുകൂലിച്ച് കോളജില്‍ സെമിനാര്‍ നടത്താന്‍ നേതൃത്വം നല്‍കിയവരേയാണ് എസ്എഫ്ഐ പ്രവർത്തകർ മര്‍ദിച്ചത്. എസ്എഫ്െഎയ്ക്കും എബിവിപിക്കും ഒരു പോലെ സ്വാധീനമുള്ള കോളജാണ് തൃശൂര്‍ കേരളവര്‍മ. അധ്യാപകർ ഇടപെട്ട് വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയതു മൂലം വൻ സംഘർഷം ഒഴിവായി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

രണ്ട് ദിവസമായി ഡൽഹിയിലും കേരളത്തിലുമായി പൗരത്വ ഭേദഗതി ബില്ലിനെതിരായ വിവിധങ്ങളായ പരിപാടികളിൽ പങ്കെടുക്കുകയാണ്; ദൃശ്യമാധ്യമങ്ങളിലെ സംവാദങ്ങളിൽ പങ്കെടുക്കുകയാണ്.

പൗരത്വ ഭേദഗതി ബില്ലിനോടുള്ള വിയോജിപ്പുകൾ ഏതെല്ലാം മാർഗങ്ങളിൽക്കൂടി അറിയിക്കാമോ അതെല്ലാം ചെയ്യുകയാണ്; അതിനെതിരായ ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പങ്കാളിയാവുകയാണ് - അതേസമയം തന്നെ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവർക്ക് പൊതുസമൂഹത്തിൽ അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും അവകാശവുമുണ്ട്. അതിനോട് നമുക്ക് വിയോജിപ്പുണ്ടെങ്കിലും അങ്ങനെ അഭിപ്രായം പറയുന്നവരെ വളഞ്ഞിട്ട് അക്രമിക്കുന്നതും അസഹിഷ്ണുതയും ഫാസിസവുമാണ്.എന്താണ് കേരള വർമ്മ കോളേജിലെ ആൾക്കൂട്ടവും ഉത്തരേന്ത്യയിൽ സംഘ്പരിവാറിന്റെ ആൾക്കൂട്ടവും തമ്മിലുള്ള വ്യത്യാസം ?

എതിരാളിയെ കായികമായ് അടിച്ചൊതുക്കലല്ല ഒരു ജനാധിപത്യ സമൂഹത്തിൽ വേണ്ടത്. അതുകൊണ്ട്, എസ് എഫ് ഐ കേരളത്തിലെ കലാലയങ്ങളിൽ അഴിച്ചുവിടുന്ന ആൾക്കൂട്ട അക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ജാതിക്കും മതത്തിനും മറ്റ് വിഭാഗീയതകൾക്കും അതീതമായി ഒരുമിച്ചു നിന്നുകൊണ്ട് ഒരു ജനത വളരെ സമാധാനപരമായ മാർഗത്തിൽ, ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടം കേരളത്തിൽ നടത്തുമ്പോൾ ഇത്തരം ആൾക്കൂട്ട അക്രമണവും ഗുണ്ടായിസങ്ങളും ഒറ്റപ്പെടുത്തേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്.