ആറുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് പത്തുവർഷം കഠിന തടവും പിഴയും

കാസര്‍കോട് ആറുവയസുകാരിയെ പീ‍ഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും വിധിച്ചു. കാഞ്ഞങ്ങാട് സ്വദേശി എച്ച്.എന്‍ രവീന്ദ്രനാണ്് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷവിധിച്ചത്. 

രണ്ടായിരത്തിപതിനാറ് മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സ്വന്തം  വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതിയായ രവീന്ദ്രന്‍ ഇയാളുടെ  വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.  തുടര്‍ന്ന് പെണ്‍കുട്ടിയെ അമ്മ നല്‍കിയ പരാതിയുടെയും പെണ്‍കുട്ടിയുടെ മൊഴിയുടെയും  അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ശേഷം ആറുമാസത്തോളം നീണ്ട വിചാരണക്കൊടുവിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 376ാം വകുപ്പ് പ്രകാരം  പ്രതിക്ക് പത്ത്്വര്‍ഷം കഠിനതടവും പിഴയും കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.  

പതിനയ്യായിരം രൂപ പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. എന്നാല്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ  നിയമം ഭേദഗതി ചെയ്യുന്നതിന് മുമ്പ് നടന്ന കേസായതിനാല്‍ മരണം വരെ തടവ് ശിക്ഷ എന്നതില്‍ പ്രതിക്ക് ഇളവ് നല്‍കി.