ചുവന്നുതുടുത്ത് വട്ടവടയിലെ സ്ട്രോബറി തോട്ടം; സന്ദർശകതിരക്ക്

ഒരിടവേളയ്ക്ക് ശേഷം ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയില്‍ സ്‌ട്രോബറി കൃഷി സജീവമാകുന്നു. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ വരുമാനം കണ്ടെത്തുവാന്‍ കഴിയുന്നതിനാല്‍ നിരവധി കര്‍ഷകരാണ് സ്‌ട്രോബറി കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. വട്ടവടയിലെ കൃഷിയിടങ്ങള്‍ കാണാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നു. 

മഞ്ഞുകാലമാസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍  45 കിലോമീറ്റര്‍കൂടി  താണ്ടി വട്ടവടയിലെത്തിയാല്‍   ശീതകാല പച്ചക്കറികളും,   സ്ട്രോബറിയുമെല്ലാം വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ കാണാം. സൗജന്യമായി സ്ട്രോബറിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കാം, 400 രൂപ മുതല്‍ 800 രൂപവരെ നല്‍കി  സ്ട്രോബറിപ്പഴങ്ങള്‍ വാങ്ങാം. കാലാവസ്ഥ അനുകൂലമാകുകയും ഉയര്‍ന്ന വില ലഭിക്കുകയും ചെയ്തതോടെയാണ് വട്ടവടയിലെ കര്‍ഷകര്‍ വീണ്ടും സ്‌ട്രോബറി കൃഷിയിലേയ്ക്ക് തിരിഞ്ഞത്. 

ജൈവ കൃഷിരീതികള്‍ വട്ടവട  സ്ട്രോബറിയെ പ്രിയങ്കരമാക്കുന്നു. സ്ട്രോബറിയ്ക്ക് പ്രിയമേറിയതോടെ സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് മിഷന്‍ പ്രത്യേക പദ്ധതി തയ്യാറാക്കി കൃഷി ഭവന്‍ വഴി അത്യുല്‍പാദനശേഷിയുള്ള  തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതും  മേഖലയില്‍ സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കുവാന്‍ സഹായകമായി.