തൊണ്ണൂറിലും തളരാത്ത 'തനിതങ്കം'; ചുവടുകളുമായി റാംപിൽ, നിറകയ്യടി

തൊണ്ണൂറാം വയസിലും ആരോഗ്യത്തോടെ സൗന്ദര്യ മല്‍സരത്തിന്റെ റാംപിലെത്തി തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി തങ്കംപോള്‍. മുത്തശിമാരുടെ സൗന്ദര്യ മല്‍സരത്തിലാണ് അന്‍പതിനും തൊണ്ണൂറിനും മധ്യേയുള്ളവര്‍ അണിനിരന്നത്. 

വയസ് തൊണ്ണൂറായെങ്കിലും കാഴ്ചയ്ക്കു യാതൊരു കുഴപ്പവുമില്ല തങ്കം പോളിന്. കാഴ്ചയുടെ കാര്യത്തിലും ഡ്രൈവിങ്ങിലും കാര്യങ്ങള്‍ തനിതങ്കമാണ്. ഇപ്പോഴും കാറോടിക്കും. ദിവസവും പള്ളിയില്‍ പോകും. കൊച്ചുമക്കള്‍ക്കൊപ്പം കറങ്ങാന്‍ പോകും. നടക്കാന്‍ അല്‍പം പ്രയാസമുണ്ടെന്നൊഴിച്ചാല്‍ തൊണ്ണൂറിലും തളര്‍ന്നിട്ടില്ല. ഇത്ര പ്രായമായിട്ടും ക്ഷീണം കൂടാതെ ജീവിക്കുന്നതിന്റെ രഹസ്യവും കുട്ടനെല്ലൂരിലെ തങ്കമ്മ ചേട്ടത്തി വെളിപ്പെടുത്തി. മനസ് എല്ലായ്പ്പോഴും സന്തോഷമായിരിക്കുക. ഭക്ഷണം കുറയ്ക്കുക. ചോറ് തീരെ കഴിക്കാറില്ല. നാലു തലമുറകള്‍ക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞു. കൊച്ചുമകന്‍റെ മകള്‍ ആമിയോടൊപ്പമാണ് റാംപില്‍ കയറിയത്.

ചെറുപ്പക്കാരാണ് കൂട്ട്. അതുക്കൊണ്ടുതന്നെ, മനസും ചെറുപ്പമായിരിക്കുന്നു. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ കൂടിയാകുമ്പോള്‍ മനസിന് ഉന്‍മേഷവും ഊര്‍ജവും കിട്ടുന്നുണ്ട്. പുതിയ തലമുറ തങ്കമ്മ ചേട്ടത്തിയെ കാണുമ്പോള്‍ ചോദിക്കുന്നത് കൂടുതലും ആരോഗ്യപരിപാലനത്തെ  കുറിച്ചാണ്. അവര്‍ക്കെല്ലാം, കൃത്യമായ ഉപദേശവും നല്‍കാറുണ്ട്.