നോവുന്ന ഹൃദയങ്ങൾക്ക് സാന്ത്വനം; പരിശോധന ക്യാംപിന് തുടക്കം

നോവുന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനമായി മലയാള മനോരമ ഹൃദയപൂര്‍വം പരിശോധന ക്യാംപിന് കണ്ണൂരില്‍ തുടക്കമായി. മദ്രാസ് മെഡിക്കല്‍ മിഷനുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ ഏഴു വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നു.  

ആശങ്കയോടെയാണ് ഒരുവയസ് മാത്രം പ്രായമായ മകന്‍ യൂനിസുമായി മാതാപിതാക്കള്‍ ഹൃദയപൂര്‍വം ക്യാമ്പിനെത്തിയത്. ഗര്‍ഭകാലത്തെ പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറ് കണ്ടെത്തുകയായിരുന്നു. ക്യാമ്പിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, മദ്രാസ് മെഡിക്കല്‍ മിഷനില്‍ വിദഗ്ദ്ധ ചികിത്സ നല്‍കാമെന്നും ഡോക്ടര്‍ അറിയിച്ചതോടെ കുടുംബത്തിന് ആശ്വാസമായി. രണ്ടുപതിറ്റായി തുടരുന്ന ഹൃദയപൂര്‍വം ക്യാമ്പ് ഇത്തരത്തില്‍ ആശ്വാസമായത് രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ക്കാണ്. സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുക എന്നതാണ് ലക്ഷ്യം.

മദ്രാസ് മെഡിക്കല്‍ മിഷന്റെ ആധുനിക പരിശോധന സൗകര്യങ്ങളുള്ള  മൊബൈല്‍ ക്ലിനിക്കും ക്യാമ്പിലുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്നൂറ്റിയന്‍പത് രോഗികള്‍ക്കാണ് പരിശോധ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

ക്യാമ്പ് നാളെ സമാപിക്കും.