‘പാലാ പോന്നില്ലേ; പിന്നല്ലേ കോന്നി..’; കാപ്പൻ ഡയലോഗ് സത്യമായി: വിഡിയോ; ആഘോഷം

‘പാലാ പോന്നില്ലേ, പിന്നല്ലേ കോന്നി..’ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോന്നിയിൽ ഇടതുമുന്നണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലെ വാചകം സത്യമായി. ഇൗ മാസ് ഡയലോഗ് പറഞ്ഞ് കയ്യടി നേടിയതാകട്ടെ പാലാ എംഎൽഎ മാണി സി കാപ്പനും. അതും കൂളിങ് ഗ്ലാസൊക്കെ വച്ച് മാസ് ഒട്ടും കുറയ്ക്കാതെ. ഇന്ന് ഫലം വന്നപ്പോൾ കാപ്പൻ പറഞ്ഞ ഡയലോഗും ഇടതുമുന്നണി പ്രവർത്തകർ പങ്കുവയ്ക്കുകയാണ്. യുഡിഎഫിനെ അട്ടിമറിച്ചാണ് കോന്നിയിൽ ജനീഷ് കുമാറിന്റെ വമ്പൻ വിജയം. അടൂർ പ്രകാശിന്റെ നിലപാടുകൾ കോന്നിയിൽ വിനയായി എന്ന തരത്തിൽ ചർച്ചകൾ ഇതിനോടകം യുഡിഎഫ് ക്യാംപിൽ ആരംഭിച്ചു കഴിഞ്ഞു. 

‘54 വർഷമായി കിട്ടാതിരുന്ന പാല, 23 വർഷമായി കോൺഗ്രസിന്റെ കോട്ടയായിരുന്ന കോന്നി, മണ്ഡലം രൂപീകരിച്ചതിനു ശേഷം ഇന്നേ വരെ ലഭിക്കാത്ത വട്ടിയൂർക്കാവ്.’ സോഷ്യൽ വാളുകളിൽ കുറിപ്പുകളിൽ വിജയാഘോഷം തുടരുകയാണ്.  9953 വോട്ടുകൾക്കാണ് ജനീഷിന്റെ ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ജനീഷ് കുമാർ പിടിച്ചെടുത്തത്. തുടക്കം മുതൽ വോട്ടെണ്ണലിൽ ചാഞ്ചാട്ടം കാണപ്പെട്ടിരുന്നു. മലയാലപ്പുഴ പഞ്ചായത്ത് എണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ലീഡ്. മൈലപ്ര പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറി. എന്നാൽ പിന്നീട് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിന്റെ മുന്നേറ്റമാണ് കണ്ടത്. തുടക്കത്തിൽ മോഹൻരാജ് ആയിരുന്നു ലീഡ് ചെയ്തത്. 

തിരഞ്ഞെടുപ്പിൽ കാലുവാരലുണ്ടായെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് തുറന്നു പറഞ്ഞു. തര്‍ക്കങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പ്രതികരിച്ചു. എത്ര ഉന്നതരായാലും നടപടിവേണം. വട്ടിയൂർക്കാവിലും കോന്നിയിലും ചില നേതാക്കൾ ജനങ്ങൾക്ക്  തെറ്റായ സന്ദേശം നൽകി. ഇതു തിരിച്ചടിയായി. കോൺഗ്രസിലുണ്ടായ തർക്കമാണ് വട്ടിയൂർക്കാവിലും കോന്നിയിലും പിന്നിലാവാൻ കാരണം. എൻഎസ്എസ് നിലപാട് വോട്ടിനെ സ്വാധീനിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.