‘കോന്നിയിൽ ബിജെപിക്ക് 23,000 വോട്ടുകൾ കൂടി’: കെ.സുരേന്ദ്രന്‍; കൊഴിഞ്ഞുപോക്ക് എവിടെ?

‘ഇത്രയൊക്കെ പരിശ്രമിച്ചിട്ടും കോന്നിയിൽ ഇടതുമുന്നണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വെറും 2024 വോട്ടുമാത്രമാണ് അധികം നേടാനായത്. ബിജെപിയ്ക്കാകട്ടെ ഇരുപത്തിമൂവായിരത്തിലധികം വോട്ടാണ് വർദ്ധിച്ചത്..’ കോന്നിയിലെ പരാജയത്തിന് പിന്നാലെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഉദ്ധരിച്ച് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിത്.  മൂന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വൻ മുന്നേറ്റമാണ് കോന്നിയിൽ  സുരേന്ദ്രൻ നടത്തിയതെന്ന് പാര്‍ട്ടി പറയുന്നു. 

കോന്നിയിൽ എൽഡിഎഫ് 54099 വോട്ടുകളും യുഡിഎഫ് 44146 വോട്ടുകളും ബിജെപി 39786 വോട്ടുകളും സ്വന്തമാക്കി.  ഇതോടെ വോട്ടുചോർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ എവിടെ നിന്ന് എന്ന ചോദ്യം വരും ദിവസങ്ങളിൽ പാര്‍ട്ടി ക്യാംപുകളെ സജീവമാക്കും. 

കോന്നിയിൽ ജനീഷ് കുമാർ അട്ടിമറിജയം നേടിയതോടെ, ശക്തമായ അടിത്തറയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെട്ടിരുന്ന പത്തനംതിട്ട ജില്ല പൂർണമായും ചുവന്നു. അടൂർ, തിരുവല്ല, റാന്നി, ആറന്മുള എന്നീ മണ്ഡലങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം നിന്നു. 23 വർഷമായി കോന്നി മാത്രമായിരുന്നു യുഡിഎഫിനൊപ്പം നിന്നത്. കോന്നിയിൽ മുൻ എംഎൽഎ അടൂർ പ്രകാശിന് 22,000 വോട്ടായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം. ഇത്തവണ 9953 വോട്ടിന് അവിടെ അട്ടിമറി വിജയം നേടി ജനീഷ് കുമാർ. 2016 ലെ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ വീണാ ജോർജിലൂടെ ഇതുപോലെയൊരു അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ആന്റോ ആന്റണിക്കൊപ്പം നിന്ന് കോൺഗ്രസ് ചായ്‌വ് കാട്ടുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പടലപിണക്കങ്ങളാണ് പലപ്പോഴും തോൽവിക്കു കാരണമാകാറുള്ളത്. ഏറ്റവും ഒടുവിൽ കോന്നിയിലെ പരാജയത്തിലും കോൺഗ്രസിനു പഴിക്കാനാകുക തർക്കങ്ങളെയും കാലുവാരലുകളെയുമാണ്.യുഡിഎഫ് അടിത്തറയുള്ള ജില്ലയെ ചുവപ്പിച്ചതിനു പിന്നിൽ സിപിഎമ്മിന്റെ ചിട്ടയായ പ്രവർത്തനത്തിനാണ് മാർക്ക്.

വർഷങ്ങളെടുത്ത് കാര്യമായി താഴെത്തട്ടിൽ പ്രവർത്തനം നടത്തി. ക്രൈസ്തവ സമുദായങ്ങൾ കൂടുതലുള്ള ജില്ലയുടെ മനസ്സ് മാറ്റിയെടുക്കുകയായിരുന്നു. ചിട്ടയായ പ്രവർത്തനവും സർക്കാരിന്റെ പ്രവർത്തന വിലയിരുത്തലുമാണ് കോന്നിയിലെ വിജയത്തിനു പിന്നിലെന്ന് ജില്ലയുടെയും കോന്നിയുടെയും ചുമതലയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് പറയുന്നു. കോന്നി പിടിക്കാൻ സർവ സന്നാഹവുമായെത്തിയ മന്ത്രിമാരെയും മുതിർന്ന നേതാക്കളെയും കളത്തിലിറക്കി വീടുകയറ്റമടക്കമുള്ള തന്ത്രങ്ങളാണ് സിപിഎം പയറ്റിയത്.