വോട്ടുകൂട്ടാന്‍ നമ്പരുകളുമായി മുന്നണികള്‍; തെരുവു നിറയുന്ന കലാപ്രകടനങ്ങള്‍

ആളുകൂടുന്ന തെരുവുകളിലെല്ലാം വോട്ടുകൂട്ടാനുളള നമ്പരുകളുമായി നിറയുകയാണ് മുന്നണികള്‍ . കലാപ്രകടനങ്ങളുമായി തെരുവു നിറയുന്ന മുന്നണി പ്രവര്‍ത്തകരും  ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ കാഴ്ചയാണ്.  

എറണാകുളം ബ്രോഡ്്വേ ജങ്ഷനിലെ ഈ ഓട്ടന്‍തുളളല്‍ കലാകാരി യുഡിഎഫിനെ കണക്കിനു പരിഹസിച്ചാണ് ആടിത്തിമിര്‍ക്കുന്നത്. ഇടയ്ക്ക് കാഴ്ചക്കാരെയും കൂടെക്കൂട്ടും. ഓട്ടന്‍തുളളല്‍ മാത്രമല്ല ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ എഴുതിയ നാടകവും നാടന്‍പാട്ടുമെല്ലാമുണ്ട് ഇടത് കലാപ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഡിവൈഎഫ്ഐ കലാജാഥയില്‍. 

മേയറുടെയും െഡപ്യൂട്ടി മേയറുടെയും വേഷമിട്ട ആളുകള്‍ ഓടി നടന്ന് ഡാന്‍സ് കളിക്കുന്നത്....

കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിക്കെതിരായ വിമര്‍ശനങ്ങളും പാലാരിവട്ടം പാലം അഴിമതിയുമെല്ലാം ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന കലാജാഥയ്ക്ക് കിടുന്ന മികച്ച പ്രതികരണം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് ഇടത് നേതൃത്വത്തിന്.

സംസ്കാര സാഹിതിയുടെ നേതൃത്വത്തില്‍ തയാറാക്കിയ അര മണിക്കൂര്‍ നീളുന്ന നാടകത്തിലൂടെയാണ് യുഡിഎഫിന്‍റെ മറുപടി. ആര്യാടന്‍ ഷൗക്കത്തും ,ആലപ്പി അഷ്റഫുമെല്ലാമാണ് യുഡിഎഫ് കലാജാഥയുടെ പിന്നണിക്കാര്‍. മോദിയെയും പിണറായിയെയും വിമര്‍ശിക്കുന്ന തെരുവുനാടകം മുന്നണിയുടെ വോട്ടുകൂട്ടുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫുകാര്‍ക്കും.

 ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ പ്രധാന കവലകളിലെ സായാഹ്നങ്ങളെ സജീവമാക്കിയാണ് കലാജാഥകളുടെ മുന്നേറ്റം.