സ്വപ്നങ്ങൾ ഉപേക്ഷിച്ച്, പരിഭവങ്ങള്‍ തീരാതെ, കണ്ണീരോടെ പടിയിറക്കം

സുപ്രീം കോടതി പൊളിച്ചു നീക്കാൻ നിർദേശിച്ച  മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ആളൊഴിയുന്നു. ജീവിത കാലത്തെ മുഴുവൻ സമ്പാദ്യവും സ്വരുക്കൂട്ടി വാങ്ങിയ അപ്പാർട്മെന്റിൽ നിന്ന് കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് താമസക്കാർ പടിയിറങ്ങുന്നു. അപ്പാർട്മെന്റുകൾ‌ ഒഴിയേണ്ട അവസാന ദിവസമായ ഇന്നലെ സാധനങ്ങൾ മാറ്റുന്നതിന്റെ തിരക്കായിരുന്നു എല്ലായിടത്തും. അപ്പാർട്മെന്റുകളിലെ വാഷ് ബേസിനുകളും ക്ലോസറ്റുകളും ഉൾപ്പെടെയുള്ളവയാണു പലരും അഴിച്ചെടുത്തു നീക്കിയത്.

ഫ്ലാറ്റുകളുടെ ഉടമകളുടെ പ്രധാന സമര കേന്ദ്രമായിരുന്നു കുണ്ടന്നൂരിലെ എച്ച്2ഒ ഹോളിഫെയ്ത്. പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നു ഫ്ലാറ്റ് ഉടമകൾ സാധനങ്ങൾ മാറ്റാൻ തുടങ്ങിയത്. ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ഇന്റീരിയർ ഉൾപ്പെടെ പൊളിച്ചെടുക്കുമ്പോൾ പലരും കണ്ണീർ വാർത്തു.

കോട്ടയം സ്വദേശി നെബു കുര്യാക്കോസും ഭാര്യ ശ്വേതയും വിരലിൽ എണ്ണാവുന്ന ദിവസമാണു ഈ ഫ്ലാറ്റിൽ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഒന്നാം പിറന്നാൾ ആഘോഷിച്ച നിവാനൊപ്പം അവർ ഇവിടെ കഴിഞ്ഞത് ഒറ്റദിവസം മാത്രം. 

അമേരിക്കൻ എണ്ണ കമ്പനിയിൽ ജോലി ചെയ്യുന്ന നെബുവിനു പെട്ടെന്നു തന്നെ തിരിച്ചു പോകേണ്ടി വന്നു. ശ്വേതയും നെബുവിന്റെ അനിയൻ ബിനുവും ചേർന്ന് വീട്ടു സാധനങ്ങൾ മാറ്റുന്നതിന്റെ തിരക്കിലായിരുന്നു. പൂർണമായും വായ്പയെടുത്ത് 93 ലക്ഷം രൂപയ്ക്കാണു ഫ്ലാറ്റ് വാങ്ങിയത്. പ്രതിമാസ തിരിച്ചടവ് 80,000 രൂപ. ഇന്റീരിയറിനായി വേറെ 35–40 ലക്ഷം രൂപയോളം ചെലവഴിച്ചു. മരം കൊണ്ടുള്ള ഫ്ലോറിങ് ഉൾപ്പെടെ എല്ലാം പൊളിച്ചെടുക്കേണ്ട അവസ്ഥയിലാണ്. ഒഴിയാൻ മതിയായ സമയം കിട്ടാത്തതിനാൽ പലതും ഇവിടെ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ. 

എല്ലാ അപ്പാർട്മെന്റുകളിലും ഇങ്ങനെയൊക്കെത്തന്നെയാണ് അവസ്ഥ.  ഒഴിയാനായി കുറച്ചു ദിവസത്തെ സാവകാശം ചോദിച്ചിട്ടു പോലും സർക്കാർ കേട്ടില്ലെന്ന വിഷമം കൂടി ഇവർ പങ്കുവയ്ക്കുന്നു. വാടകയ്ക്കു ഫ്ലാറ്റുകൾ കിട്ടാനില്ല, വീട് ഷിഫ്റ്റ് ചെയ്യുന്നവർ വലിയ തുക പറയുന്നു; പരിഭവങ്ങൾ തീരാതെയാണ് അവരുടെ പടിയിറക്കം.