റോഡ് നിര്‍മാണത്തിനായി ഒന്നേകാല്‍ കോടിയുടെ അനുമതി കാത്ത് ചെർപ്പുളശേരിക്കാർ

റോഡ് നിര്‍മാണത്തിനായി ഒന്നേകാല്‍ കോടി രൂപയുടെ അനുമതി കാത്തിരിക്കുകയാണ് ഒറ്റപ്പാലം ചെർപ്പുളശേരി റോഡില്‍ യാത്ര ചെയ്യുന്നവര്‍. തകർന്ന റോഡിലൂടെ കുഴികൾക്കിടയിൽ നിന്ന് വഴി കണ്ടെത്തിയാണ് വാഹനങ്ങളുടെ യാത്ര. 

ഒറ്റപ്പാലത്ത് നിന്ന് ചെർപ്പുളശേരിയിലേക്കുള്ള ദൂരം 17 കിലോമീറ്റർ. ഈ ദൂരപരിധി പിന്നിടാൻ ചുരുങ്ങിയത് അഞ്ഞൂറിലധികം കുഴികളെങ്കിലും ഇറങ്ങിക്കയറണം. പ്രതിദിനം സ്വകാര്യ ബസുകൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ് ഈ ദുരവസ്ഥ. റോഡിലൂടെ സ്ഥിരമായി യാത്ര ചെയ്യാനുള്ളവർക്ക് ഇതാണ് പറയാനുള്ളത്.

മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ സ്ഥിതി പ്രളയത്തോടെ കൂടുതൽ പരുങ്ങലിലായി. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിച്ചു പോകുമ്പോള്‍ അപകട സാധ്യത വർധിപ്പിക്കുന്നു. താൽക്കാലിക പരിഹാരമായി ചിലയിടങ്ങളിൽ പാറപ്പൊടിയും മെറ്റലും ഉപയോഗിച്ചു കുഴിയടച്ചത് പ്രശ്നം കൂടുതൽ വഷളാക്കി. അതേസമയം, കുഴിയടപ്പിന് തയാറാക്കിയ ഒരു കോടി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അനുമതിക്കു നല്‍കിയെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല.