പമ്പയെ മാലിന്യതടാകമാക്കി ദേവസ്വം ബോര്‍ഡ്; കണ്ടില്ലെന്നു നടിച്ച് സർക്കാർ

പമ്പയെ മാലിന്യതടാകമാക്കി ദേവസ്വം ബോര്‍ഡ്. പമ്പയില്‍ ശുചിമുറി മാലിന്യസംസ്കരണം കാര്യക്ഷമം അല്ലാത്തതിനാല്‍ കോളിഫോം ബാക്ടീരിയ ഗണ്യമായി പെരുകുകയാണെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ട്. എന്നിട്ടും ഇതിന് ആധുനീക സംവിധാനങ്ങള്‍ ഒരുക്കാന്‍ ദേവസവംബോര്‍ഡോ സര്‍ക്കാരോ നടപടി എടുക്കുന്നില്ല.

തീര്‍ഥാടനകാലത്ത് എല്ലാ ആഴ്ചകളിലും മറ്റ് സമയങ്ങളില്‍ പ്രതിമാസവും മലിനീകരണ നിയന്ത്രണബോര്‍ഡ് പമ്പയിലെ മാലിന്യത്തെക്കുറിച്ച് പഠിച്ച് സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇതിലെല്ലാം കോളിഫോം ബാക്ടീരിയയുടെ ആധിക്യമാണ് ഉള്ളത്. കോളിഫോം ബാക്ടീരിയ ഒരുമില്ലിലീറ്റര്‍ നദീജലത്തില്‍ 50വരെ എന്നതാണ് ദോഷകരമാല്ലാത്ത അവസ്ഥ. ഇക്കഴിഞ്ഞ തീര്‍ഥാടനകാലത്ത്, ഇത് 78,000വരെ എത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. 

കോളിഫോം ബാക്ടീരിയ മാരക കുടല്‍രോഗങ്ങള്‍ക്കും, വയറിളക്കം ഛര്‍ദ്ദി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം കാരണമാകും. തീര്‍ഥാടനകാലത്ത് ദിവസവും ലക്ഷക്കണക്കിനാളുകളാണ് പമ്പയില്‍ കുളിക്കുന്നത്. പുണ്യനദിയായി കരുതുന്ന പമ്പയിലെ ജലം ഇത്രത്തോളം മലിനമായിട്ടും ദേവസ്വംബോര്‍ഡ് കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ആരോപണം.