സുമനസുകളുടെ ‘തണൽ’ കൊടുവളളിയിൽ; കേന്ദ്രത്തിൽ നിർധന രോഗികൾക്ക് മുൻഗണന

സുമനസുകളുടെ സഹായത്തോടെ കോഴിക്കോട് കൊടുവള്ളിയില്‍ തണല്‍ ഡയാലിസിസ് കേന്ദ്രം തുറന്നു. നിര്‍ധനരായ രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ചികില്‍സ ലഭിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പത്തുപേര്‍ക്ക് ഒരേസമയം ഡയാലിസിസിനുള്ള സൗകര്യമുണ്ട്. വൈകാതെ ഇത് പതിനഞ്ചായി ഉയരും. നിര്‍ധനരായ രോഗികള്‍ക്കായിരിക്കും മുന്‍ഗണന. പൂര്‍ണമായും സൗജന്യമായി ഡയാലിസിസ് സൗകര്യം ഉറപ്പാക്കും. സുമനസുകളുടെയും വിദേശമലയാളികളുടെയും സഹായത്താലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനകം നിരവധിയാളുകളുടെ പിന്തുണ കിട്ടിയിട്ടുണ്ട്. തണലിന്റെ മുപ്പതാമത് ഡയാലിസിസ് കേന്ദ്രമാണ് കൊടുവള്ളിയില്‍ തുടങ്ങിയത്. 

കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ വരുന്നത് വികസനത്തിനപ്പുറം നമ്മുടെ അനാരോഗ്യത്തിന്റെ നേര്‍ചിത്രം അനാവരണം ചെയ്യുകയാണെന്ന് സ്പീക്കര്‍. എം.എല്‍.എമാരായ കാരാട്ട് റസാഖ്, പി.ടി.എ റഹീം, വി.കെ.സി മമ്മദ് കോയ തുടങ്ങിയവര്‍ പങ്കെടുത്തു.