ഉരുൾ ബാക്കിവെച്ചതും തേടി കവളപ്പാറ; ദുരന്തഭൂമിയിലേക്ക് തിരികെ

കേരളത്തെ നടുക്കിയ മഹാദുരന്തമുണ്ടായ കവളപ്പാറയില്‍ മറ്റെല്ലാം നഷ്ടമായെങ്കിലും ഉരുള്‍ ബാക്കിവച്ച വീടുകളിലേക്ക് മടങ്ങി എത്താനൊരുങ്ങുകയാണ് പല കുടുംബങ്ങളും. ക്യാംപുകളിലും ബന്ധുവീടുകളിലും ഏറെക്കാലം തുടരാനാവാത്തതാണ് കുടുംബങ്ങളെ ദുരന്തഭൂമിയിലേക്ക് മടങ്ങിയെത്താന്‍ പ്രേരിപ്പിക്കുന്നത്. 

ദുരന്തമുണ്ടായ കവളപ്പാറ മുത്തപ്പൻമലയുടെ താഴ്്വാരത്തെ അവശേഷിക്കുന്ന ചെറുമുട്ടാടത്ത് ഫിലിപ്പിന്റെ വീടാണിത്. തൊട്ടടുത്തുള്ള വീടുകള്‍ക്കൊപ്പം  സ്നേഹനിധികളായ അയൽക്കാരേയും ഉരുളെടുത്തു. ദുരന്തഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് മുത്തേടത്തെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം.  അടുത്തയാഴ്ച മകളുടെ വിവാഹമായതുകൊണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോരാന്‍ തീരുമാനിച്ചു. സോഫി ഇപ്പോൾ പകൽ മുഴുവൻ കവളപ്പാറയിലെ വീടു വൃത്തിയാക്കുന്ന തിരക്കിലാണ്. വിടിന്റെ ഭിത്തിയിലും ജനലിലും  പതിച്ച മണ്ണും ചെളിയും തുടച്ച് വൃത്തിയാക്കുന്നു.

ഒരുക്കങ്ങള്‍ നടത്തുബോഴും വിവാഹത്തിൽ പങ്കെടുക്കേണ്ട ഒട്ടേറെപ്പേര്‍ മണ്ണിനടിലാണെ വേദനയിലാണ് സോഫിയും കുടുംബവും.

ദുരന്തമുണ്ടാകുബോൾ സോഫിയും  മക്കളും അകത്തുണ്ടായിരുന്നു. മലയിടിഞ്ഞെത്തി വീടിനു പിറകിൽ പതിക്കുന്ന ഭയനകരമായ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി. അടുത്തുളള വീടുകളെല്ലാം മണ്ണില്‍ മൂടിയിരുന്നു. നടുക്കത്തോടെ തളർന്നു പോയെങ്കിലും രക്ഷകരായി നാട്ടുകാരെത്തി. സോഫിയുടേത് പോലെ മുപ്പതോളം വീടുകളാണ് ദുരന്തഭൂമിയില്‍ ഇനി ബാക്കിയുളളത്. ഇതില്‍ ചുരുക്കം വീടുകളാണ് വാസയോഗ്യം. മറ്റു മാര്‍ഗങ്ങളില്ലാത്തതുകൊണ്ട് ഉളള പരിമിതികളില്‍ പഴയ വീടുകളിലേക്ക് മടങ്ങി വരുന്ന ഒട്ടേറെ കുടുംബങ്ങള്‍ വേറേയുമുണ്ട്.