'വന്നവർ വന്നവർ തല്ലി, നിലത്തിട്ടു ചവിട്ടി, രക്തം തുപ്പിയിട്ടും മർദനം നിർത്തിയില്ല’

മലപ്പുറം : ‘‘തിങ്കളാഴ്‌ച രാവിലെ കൊണ്ടോട്ടിയിലെ ഞങ്ങളുടെ വർക്‌ഷോപ്പിലെത്തി കുറച്ചുകഴിഞ്ഞ് 10 മണിക്കാണ് വാഴക്കാട് പൊലീസ് സ്‌റ്റേഷനിൽനിന്നു വിളിക്കുന്നത്. ഞങ്ങളുടെ കാറുമായി ബന്ധപ്പെട്ട് എന്തോ നിയമലംഘനം നടന്നതായി വിവരമുണ്ട്, അതു ശരിയാണോ എന്നറിയാൻ വേണ്ടി മാത്രമാണ് എന്നാണ് അറിയിച്ചത്.

വർക്‌ഷോപ്പിലേക്കു വന്ന വഴി തിരികെ സ്റ്റേഷനിലേക്കു പുറപ്പെട്ടു. പള്ളിപ്പുറായ ഓമാനൂരിൽ എത്തുന്നതിന് തൊട്ടുമുൻപ് 3 ബൈക്കുകളിലായി യുവാക്കൾ പാഞ്ഞെത്തി. അപകടകരമായ രീതിയിൽ മറികടന്ന് കാറിനു മുന്നിൽ ബൈക്ക് നിർത്തി. ചോദ്യവും ഉത്തരവുമൊന്നുമുണ്ടായില്ല. അവർ ഇറങ്ങി കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. എന്താണു സംഭവിക്കുന്നത് എന്നറിയും മുൻപേ ഞങ്ങളെ കാറിൽനിന്ന് വലിച്ചിറക്കി തല്ലാൻ തുടങ്ങി.

ആളുകളുടെ എണ്ണം കൂടിവന്നു. ‘നിനക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന പണിയല്ലേടാ’ എന്ന് ആക്രോശിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. വായിൽനിന്ന് രക്‌തം വന്നിട്ടും മർദനം നിർത്തിയില്ല. കൊല്ലല്ലേ എന്ന് കാലുപിടിച്ചു കരഞ്ഞു. വന്നവർ വന്നവർ തലങ്ങും വിലങ്ങും മർദിച്ചു. നിലത്തിട്ട് ചവിട്ടി. വായിൽ നിറഞ്ഞ രക്തം തുപ്പിക്കളയാൻ പോലും കഴിയാതെ കുഴഞ്ഞുപോയി. നാട്ടുകാരിൽ ചിലർ അക്രമികളെ തടയാൻ ശ്രമിച്ചപ്പോൾ അവർക്കെതിരെയായി രോഷം.

മുഖപരിചയമുള്ള ഒരാളോട് കാര്യങ്ങൾ പറഞ്ഞ് കരഞ്ഞു. പൊലീസ് എത്തിയപ്പോൾ അവരോടും ആളുകൾ കയർക്കുന്നതു കണ്ടു. 4 തവണ രക്‌തം ഛർദിച്ചു. പൊലീസ് ഞങ്ങളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വിദഗ്‌ധ ചികിത്സയ്ക്കു വേണ്ടി സ്വകാര്യ ആശുപത്രിയിലേക്കു  മാറി. വയറ്റിലും പുറത്തും തലയിലും നെഞ്ചിലുമെല്ലാം കടുത്ത വേദനയാണ്.

എൻജിനീയറിങ് പഠനം കഴിഞ്ഞ്, ജീവിതമാർഗത്തിനു വേണ്ടിയാണ് 5 വർഷം മുൻപ് കൊണ്ടോട്ടിയിൽ വർക്‌ഷോപ് തുടങ്ങിയത്. പഠനകാലത്തുപോലും ഒരു കേസിലും ഉൾപ്പെട്ടിട്ടില്ല. ഇപ്പോൾ കേൾക്കുന്നു, കുട്ടി പറഞ്ഞ തട്ടിക്കൊണ്ടുപോകൽ കഥ പോലും നുണയാണെന്ന്. പൊലീസ് എത്തിയില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കഥ ഓമാനൂരിൽ അവസാനിക്കുമായിരുന്നു’.