ഗോട്ടികളിക്ക് പുതുജീവൻ; കാലയവനികയ്ക്കുള്ളിൽ മറയാതിരിക്കുവാനുള്ള ശ്രമം

നാട്ടിന്‍പുറങ്ങളില്‍ മണ്‍മറയുന്ന  ഗോട്ടി കളി പുനരുജ്ജീവിപ്പിക്കുകയാണ് ഇടുക്കി കരുണാപുരം ഗ്രാമത്തിലെ ഒരു പറ്റം നാടൻ കളി സ്നേഹികൾ. കേരളത്തിൽ സാധാരണ കളിക്കുന്ന രീതിയോ നിയമങ്ങളോ അല്ല കരുണാപുരത്തെ ഗോട്ടി കളിക്ക്. ഗ്രാമത്തിലെ ഗോട്ടികളിവീരൻമാരുടെ കളിയൊന്ന് കാണാം.

തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇവിടുത്തെ ഗോട്ടികളിക്കുമുണ്ട് തമിഴ്ചുവ. സാധാരണ ഗോട്ടികളേക്കാൾ വലിപ്പമുള്ള തമിഴ്നാടൻ 'ഗുണ്ട്' എന്നറിയപ്പെടുന്ന ഗോട്ടികൊണ്ടാണ് കളി. മധുരയിലെ ഗോട്ടികളിയോടു സാമ്യമുള്ള 'വട്ടുരുട്ടൽ' കളിയാണ് ഇവിടുത്തെ രീതി. പോയിന്റുകൾ അടയാളപ്പെടുത്തിയ ചതുരംഗക്കളത്തിന് സമാനമായ കളത്തിലേക്ക് രണ്ട് വാര അകലെ നിന്ന് പ്രത്യേക മെയ് വഴക്കത്തോടെ കൂട്ടിമുട്ടാതെ ഗോലികൾ ഉരുട്ടി വിടും. ഇവ ചെന്ന് വീഴുന്ന കളങ്ങളിലെ പോയിന്റുകൾ കൂട്ടി നാലു മുതൽ ആറ് റൗണ്ട് വരെ കഴിയുമ്പോൾ ആർക്കാണോ കൂടുതൽ പോയിന്റ് ലഭിക്കുന്നത് അവർ വിജയികളാവും.

ഗോട്ടി ചെറുതാണങ്കിലും കരുണാപുരത്തെ കളി അത്ര നിസ്സാരമായിരുന്നില്ല, പതിറ്റാണ്ടുകൾക്ക് മുമ്പ് അഞ്ച് പൈസയ്ക്ക് ലഭിക്കുന്ന മൂന്ന് ഗോലികൾ കൊണ്ട് ലക്ഷങ്ങൾ വാതുവെയ്ക്കുന്ന ടൂർണമെൻറുകൾ വരെ ഇവിടെ നടന്നിട്ടുണ്ട്.  ഗ്രാമത്തിന്റെ പ്രധാന വിനോദമായ ഗോട്ടി കളി വീണ്ടും സജീവമാക്കാന്‍ കഴിഞ്ഞ രണ്ടു വർഷമായി ഗ്രാമത്തിലെ മുതിർന്നവർ ചേർന്ന് ഓണക്കാലത്ത് കുട്ടികൾക്കായ്ഗോട്ടി കളി പരിശീലനവും മൽസരവും നടത്തുന്നു. ഇനി എല്ലാ   വൈകുന്നേരങ്ങളിലും  ഗോട്ടി കളി നടത്താനാണ്  ഇവരുടെ തീരുമാനം.  ലോഗി കളി, വട്ടുകളി, കച്ചി കളി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ നാടന്‍ കളി കാലയവനികയ്ക്കുള്ളിൽ മറയാതിരിക്കുവാനുള്ള തീവ്രശ്രമം.