പെൺകുട്ടിയുടെ മരണം, റിപ്പോർട്ട് ഇന്ന്; കടുത്ത നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

കോഴിക്കോട് പേരാമ്പ്രയില്‍ പനി ബാധിച്ച് മരിച്ച പതിനാലുകാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിച്ചേയ്ക്കും. ഷിഗെല്ല ബാധയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലേ സ്ഥിരീകരിക്കാനാകൂ. ഇതിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.

പനിയും ഛര്‍ദ്ധിയും വയറിളക്കവും ബാധിച്ച് പതിനാലുകാരി മരിച്ചതിന് പിന്നാലെ കുട്ടിയുടെ സഹോദരിയും മുത്തച്ഛനും ഇതേ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലേ ഷിഗെല്ലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാകൂ. മരിച്ച കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളം, പരിശോധനയ്ക്കായി റിജണല്‍ അനലിറ്റിക്കല്‍ ലാബിലേയ്ക്ക് അയച്ചു. ഇതിന്‍റെ ഫലം രണ്ടു ദിവസത്തിനകം എത്തും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കുടിവെള്ളം മലിനമാകുന്നതാണ് ഷിഗെല്ല ബാക്ടീരിയ പകരാനുള്ള കാരണം. മനുഷ്യവിസര്‍ജ്യം കലര്‍ന്ന വെള്ളമോ ഭക്ഷണമോ കഴിച്ചാല്‍ അസുഖം ബാധിക്കും. അതിനാല്‍ തന്നെ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്തണം.