പെൺകുട്ടിയുടെ മരണം ഷിഗെല്ല ബാധിച്ച്; ആശങ്ക വേണ്ടെന്ന് സർക്കാർ

കോഴിക്കോട് പേരാമ്പ്രയില്‍ പനി ബാധിച്ച് മരിച്ച പതിനാലുകാരിക്ക് ഷിഗെല്ല ബാധയെന്ന് പ്രാഥമിക നിഗമനം. പനിയെത്തുടര്‍ന്ന് കുട്ടിയുടെ സഹോദരിയെയും മുത്തച്ഛനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ പ്രതികരണം. 

കടുത്ത പനിയും ഛര്‍ദ്ധിയും വയറിളക്കവും ബാധിച്ച പതിനാലുകാരിയെ ഞായറാഴ്ച്ച രാവിലെയാണ് കോഴിക്കോട് മെ‍ഡിക്കല്‍ കോളജിലെത്തിച്ചത്. വൈകിട്ടോടെ മരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടാത്തതിനാല്‍ അസുഖം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലക്ഷണങ്ങള്‍ അനുസരിച്ച് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതാകാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

ഇതിന് പിന്നാലെയാണ് കുട്ടിയുടെ സഹോദരിക്കും മുത്തച്ഛനും പനിയും ഛര്‍ദ്ധിയും ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഇരുവരുടെയും നില തൃപ്തികരമാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളം, പരിശോധനയ്ക്കായി റിജണല്‍ അനലിറ്റിക്കല്‍ ലാബിലേയ്ക്ക് അയച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കുടിവെള്ളം മലിനമാകുന്നതാണ് ഷിഗെല്ല ബാക്ടീരിയ പകരാനുള്ള കാരണം. മനുഷ്യവിസര്‍ജ്യം കലര്‍ന്ന വെള്ളമോ ഭക്ഷണമോ കഴിച്ചാല്‍ അസുഖം ബാധിക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടിവെള്ളം മലിനമായ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.