ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭീതിയോടെ അമ്മയും മകളും; സ്വപ്ന ഭവനത്തിനായി കാത്തിരിപ്പ്

45 വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ നരകജീവിതം അനുഭവിക്കുകയാണ് ജന്മനാ കിടപ്പുരോഗിയായ രാധിക. ലൈഫ് ഭവന പദ്ധതിയിലൂടെ പുതിയ വീടിനപേക്ഷിച്ചിട്ട് നാല് വര്‍ഷമായെങ്കിലും വീടെന്ന സ്വപ്നം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. മലപ്പുറം പരപ്പനങ്ങാടിയില്‍ നിന്നാണ് ഈ ദാരുണകാഴ്ച.  

ഒന്നനങ്ങാനോ മിണ്ടാനോ കഴിയില്ല. 45 വയസായ രാധികയ്ക്ക് അമ്മ സാവിത്രി മാത്രമാണ് കൂട്ട്. തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്ന വീട്ടില്‍ ഭീതിയോടെ ദിവസങ്ങള്‍ തള്ളി നീക്കുകയാണ് ഈ രണ്ട് സ്ത്രീകള്‍.

ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വീട് ഉടന്‍ ശരിയാവുമെന്നുമുള്ള പതിവ് സ്വരം ഇവര്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാല് പിന്നിടുന്നു. ദിവസങ്ങള്‍ കടന്ന് ചെല്ലുന്തോറും പ്രതീക്ഷകളും അസ്തമിക്കുകയാണ്.

ജന്മനാ കിടപ്പുരോഗിയായ മകള്‍ രാധികയ്ക്ക് മഴ വന്നാല്‍ ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ എന്നെങ്കിലും അന്തിയുറങ്ങാന്‍ കഴിയണമെന്ന പ്രാര്‍ഥന മാത്രമാണ് ഈ അമ്മയ്ക്കുള്ളത്.