മഴക്കാഴ്ച്ച കാണാം തൂവലിൽ; കാഴ്ച്ചക്കാർക്ക് സുരക്ഷയില്ലെന്ന് പരാതി

 മനോഹരിയായി ഇടുക്കി തൂവല്‍ വെള്ളച്ചാട്ടം വീണ്ടും സജീവമായി. ഇടുക്കിയുടെ മഴക്കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് തൂവലിലേയ്ക്ക് എത്തുന്നത്. അതിമനോഹരമാണെങ്കിലും   സുരക്ഷാ ക്രമീകരണങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടില്ല. ഇടുക്കി നെടുങ്കണ്ടത്ത് നിന്ന്   ആറ് കിലോമീറ്ററാണ് തൂവല്‍ വെള്ളച്ചാട്ടത്തിലേയ്ക്ക്.  വര്‍ഷത്തില്‍ എട്ട് മാസങ്ങള്‍ ഇവിടെ   ജലസമൃദ്ധമെങ്കിലും കാലവര്‍ഷം കനത്തതോടെ  തൂവല്‍ വെള്ളച്ചാട്ടം  അതിമനോഹരിയായി.

പാറകെട്ടിന് മുകളില്‍ നിന്ന്  ചിന്നിച്ചിതറി  കല്‍ത്തട്ടുകളിലൂടെ വെള്ളം താഴേയ്ക്ക് പതിയ്ക്കുന്ന കാഴ്ച്ച.  എപ്പോഴും   തണുപ്പ് നിറഞ്ഞ  അന്തരീക്ഷം. മേഖലയുടെ ടൂറിസം വികസനത്തിന് ഇവിടെ  ആരുമൊന്നും ചെയ്യുന്നില്ലെങ്കിലും നിരവധി സഞ്ചാരികളാണ്  ഒഴുകിയെത്തുന്നത്. പാറകളില്‍നിന്ന് തെന്നി വീണ് സഞ്ചാരികള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. കയങ്ങള്‍ നിറഞ്ഞ ജലാശയവും  അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

വെള്ളച്ചാട്ടത്തിന്റെ കാഴ്ച സുരക്ഷിതമായി ആസ്വദിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. മുകള്‍ ഭാഗത്ത്  പാലം നിര്‍മിക്കു്നുണ്ടെങ്കിലും  സഞ്ചാരികള്‍ കൂടുതലായി എത്തുന്ന താഴ് വാരത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തണം.   ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ ജില്ലയിെല പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി തൂവല്‍ വെള്ളച്ചാട്ടം മാറും.