പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 11

വയനാട് പുത്തുമലയില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ  മരിച്ചവരുടെ എണ്ണം പതിനൊന്നായി. ആറുപേരെയാണ് ഇനി കണ്ടെത്താനുളളത്.  മഴക്കെടുതികളില്‍ തകര്‍ന്ന വയനാടിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്ത മഹാശുചീകരണയജ്ഞം പൂര്‍ത്തിയായി. വെള്ളവും ചെളിയും കയറിയ വീടുകളും ജലാശയങ്ങളും ശുചീകരിക്കുന്നതിനായിരുന്നു  മുന്‍ഗണന. 

വയനാടിനെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിന് വലിയ ജനപിന്തുണയാണ് രാവിലെ മുതല്‍ ലഭിച്ചത്. കലക്ടററ്റ് പരിസരത്തായിരുന്നു ജില്ലാതലം ഉദ്ഘാടനം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കാളികളായി. ഒരോ ഗ്രാമപഞ്ചായത്തിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ഒരു വാര്‍ഡില്‍ ഇരുപത്തഞ്ച് പേരെ ഉറപ്പുവരുത്തിയിരുന്നു.

വീടുകളുടെ ശുചീകരണത്തിനാണ് മുന്‍ഗണന നല്‍കിയത്. ക്യാംപുകളില്‍ കഴിയുന്നവര്‍ തിരികെയെത്തുമ്പോഴേക്കും വീട് വാസയോഗ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. എലിപ്പനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളും ജില്ലയൊട്ടാകെ നടക്കുന്നു. മറ്റ് ജില്ലയില്‍ നിന്നുള്ളവരും വയനാടിനെ സഹായിക്കാനെത്തി.

ജില്ലയിലെ പല നീര്‍ച്ചാലുകളും പുഴകളും മലിനമായിരിക്കുകയാണ്. സന്നദ്ധപ്രവര്‍ത്തകര്‍ ജലാശങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുത്തു. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ എന്നിവ വെവ്വേറെയാണ് ശേഖരിച്ചത്. ലക്ഷ്യം കൈവരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അമ്പതിനായിരം രൂപ വരെ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ അനുമതിനല്‍കിയിരുന്നു.