ദുരന്ത കാരണം ‘മഴമാറ്റം’ ? 300 വർഷത്തിനിടെയുണ്ടായ ഏറ്റവും കനത്ത മഴ

കേരളത്തിൽ തുടർച്ചയായി രണ്ടാംവർഷവും മിന്നൽ പ്രളയവും വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മഴയുടെ ഘടനയിൽ വന്ന മാറ്റമാണെന്നു വ്യക്തമാകുന്നു. കുറഞ്ഞ സമയത്തിനിടെ അപ്രതീക്ഷിതമായി അതിതീവ്രമഴ പെയ്യുന്ന രീതിയാണ് കേരളത്തിനു വൻ ഭീഷണിയായി മാറുന്നത്. കേരളത്തിന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കനത്ത മഴയാണ് കഴിഞ്ഞയാഴ്ച പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രേഖപ്പെടുത്തിയത്.

കഴിഞ്ഞ എട്ടിന് പാലക്കാട്ട് ആലത്തൂരിൽ പെയ്ത 39.8 സെന്റിമീറ്റർ മഴയാണ് ഇത്തവണ മുന്നിൽ. ഒറ്റപ്പാലത്ത് 33.5, കൊല്ലങ്കോട്ട് 31.9, മണ്ണാർക്കാട്ട് 30.5, വടകര 30 സെമി എന്നിങ്ങനെയായിരുന്നു അന്നത്തെ മഴക്കണക്ക്. വയനാട് ജില്ലയിൽ 28.5 സെമി വരെ മഴ പെയ്തു. നിലമ്പൂരിൽ 18.8 സെമി മഴയാണു രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം പ്രളയ ദിവസങ്ങളിൽ നിലമ്പൂരിൽ 40 സെന്റിമീറ്ററും മാനന്തവാടിയിൽ 30 സെന്റിമീറ്ററും മഴ പെയ്തിരുന്നു.