പുത്തുമല ദുരന്തം ഉരുൾപൊട്ടൽ അല്ല; പൈപ്പിംഗ് മൂലമുണ്ടായ മണ്ണിടിച്ചിൽ

വയനാട് പുത്തുമല  ദുരന്തം ഉരുൾപൊട്ടലല്ലെന്നും പൈപ്പിംഗ് പ്രതിഭാസവും തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലുമാണെന്ന് കണ്ടെത്തല്‍. ജില്ലാ മണ്ണ് ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തല്‍.  പുത്തുമലയുടെ മുകൾ ഭാഗത്തുള്ള കുന്നുകളിലെ ഒൻപത് ഇടങ്ങളിൽനിന്ന് ഇരുപത് ഹെക്ടറോളം മണ്ണ് ഒലിച്ചു വന്നു. 1980കളിൽ മുറിച്ചു മാറ്റപ്പെട്ട വൃക്ഷങ്ങളുടെ വേരുകൾ ദ്രവിച്ചതിനെ തുടർന്നാണ് മണ്ണിനടിയിൽ പൈപ്പിംഗ് പ്രതിഭാസം രൂപപ്പെട്ടത്.  

വർഷങ്ങൾക്ക് മുൻപ് തന്നെ തോട്ടങ്ങളുണ്ടാക്കാൻ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റിയ പ്രദേശത്തു  അതി തീവ്ര മഴയാണ് കഴിഞ്ഞ  ബുധനും വ്യാഴവും രേഖപ്പെടുത്തിയത്. മുറിച്ചു മാറ്റപ്പെട്ട  മരങ്ങളുടെ വേരുകൾ ദ്രവിച്ചു കാലക്രമേണ വൻ മാളങ്ങൾ രൂപപ്പെട്ടിരുന്നു . ഇങ്ങനെയാണ് മണ്ണിനടിയിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്ന പൈപ്പിംഗ് പ്രതിഭാസമുണ്ടായത്. 

ഏലം കൃഷിക്കായി മണ്ണിളക്കിയത് പ്രതിഭാസത്തെ ത്വരിതപ്പെടുത്തുകയും മണ്ണ് പാറയിൽ നിന്ന് വേർപെടുന്നതിനു ഇടയാക്കുകയും ചെയ്തു.  മേൽമണ്ണ് വ്യാപകമായി ഒലിച്ചു പോയി. 

ഒൻപത് ഇടങ്ങളിൽ നിന്നായി ഒന്നര മീറ്ററോളം ആഴത്തിലുള്ള മണ്ണ് ഒരിടത്തേക്ക് ഒലിച്ചെത്തി. അഞ്ചു ലക്ഷം ടണ് മണ്ണും അഞ്ചു ലക്ഷം ഘന മീറ്റർ വെള്ളവുമാണ് ഒഴുകിയെത്തിയത്. പുത്തുമല ഉൾപ്പെടുന്ന 150 ഹെക്ടർ നീർത്തട പ്രദേശത്താണ് ആഘാതമേറ്റത്. മണ്ണ് സംരക്ഷണകേന്ദ്രം ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിദഗ്‌ധ പഠനം വേണമെന്നും ശുപാർശ ചെയ്യുന്നു.