വടക്കൻ കേരളത്തിനായി കൈകോർത്ത് പത്തനംതിട്ട; കലക്ഷൻ സെന്ററുകൾ തുറന്നു

പ്രളയക്കെടുതി അനുഭവിക്കുന്ന വടക്കൻ കേരളത്തെ സഹായിക്കാൻ പത്തനംതിട്ട ജില്ല കൈകോർക്കുന്നു. മഴക്കെടുതിക്ക് ജില്ലയിൽ താൽക്കാലിക ശമനം വന്ന വേളയിലാണ് പുതിയ ഉദ്യമവുമായി ജില്ലാ ഭരണകൂടം ഇറങ്ങുന്നത്. ഇതിനായി കലക്ഷൻ സെന്ററുകൾ തുറന്നു

കഴിഞ്ഞ വർഷം ജില്ല മഹാപ്രളയത്തിൽ മുങ്ങിയപ്പോൾ കൈ മെയ് മറന്ന് സഹായിച്ചവർക്ക് നേരിട്ട ആപത്തിൽ സാന്ത്വനമേകാനാണ് ശ്രമം. അവശ്യവസ്തുക്കൾ ശേഖരിക്കുന്നതിന് പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയം, തിരുവല്ല ഡയറ്റ് ഹാൾ എന്നിവിടങ്ങളിൽ ജില്ല ഭരണകൂടം കലക്ഷൻ സെൻററുകൾ തുറന്നു.

മഴയ്ക്ക് ശമനം വന്ന സാഹചര്യത്തിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി. ഡാമുകളിലും ജലനിരപ്പ് അപകടകരമായ നിലയിലല്ല. മുൻകരുതൽ നടപടികളും പൂർണമായി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ  82 ദുരിതാശ്വാസ ക്യാമ്പുകളിലായി 5000 ത്തിൽപരംപേരുണ്ട്.