വഴി നീളെ ചെളിയും കുളവും; യാത്ര ദുസഹമായി കൊച്ചി

മഴ ശക്തമായതോടെ ചെളിക്കുളമായി കൊച്ചിയിലെ റോഡുകള്‍. ദേശീയപാതയടക്കം മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വൈറ്റില ജംക്‌ഷനിലെ കുഴികളാണിത്. മേല്‍പ്പാല നിര്‍മാണത്തിന്‍റെ ഭാഗമായുള്ള ഗതാഗതക്കുരുക്കിന് പുറമേയാണ് ശേഷിക്കുന്ന റോഡിലെ കുഴികള്‍. മഴ പെയ്ത് വെള്ളക്കെട്ടായതോടെ ഇരുചക്രവാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നതും പതിവാണ്. വൈറ്റിലയ്ക്ക് പുറമേ കുണ്ടന്നൂര്‍ ജംക്‌ഷനിലും സമാനമായ സ്ഥിതിയാണ്. കലൂരില്‍ റോഡിലെ കുഴിയില്‍ വീണാല്‍ അപകടം ഉറപ്പ്. ഓടയുടെ പണിതീര്‍ത്ത സ്ഥലമാണെങ്കിലും ചെറിയ മഴയിലും വെള്ളക്കെട്ടും പതിവാണ്. ചെളി നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുസഹമാണെന്ന് യാത്രക്കാരും പറയുന്നു.

ജലഅതോറിറ്റി കുടിവെള്ള പൈപ്പിടാനായി കുഴിച്ചിട്ടിരിക്കുന്ന റോഡുകളിലും സമാനമായ സ്ഥിതിയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന് കലക്ടര്‍ അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി അവസാനിച്ചിട്ടും ഉദ്യോഗസ്ഥരും നഗരസഭയും അനങ്ങിയിട്ടില്ല.