കക്കയം മിനുങ്ങുന്നു; സമഗ്ര നവീകരണത്തിന് പദ്ധതി

വിനോദസ‍ഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ കോഴിക്കോട് കക്കയത്തിന്റെ സമഗ്ര നവീകരണത്തിന് പദ്ധതി. റോഡ് നവീകരണമുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണികള്‍ തുടങ്ങി. ജില്ലാ കലക്ടര്‍ രണ്ട് തവണ കക്കയം സന്ദര്‍ശിച്ചാണ് പദ്ധതികള്‍ക്ക് രൂപരേഖയാക്കിയത്. 

നിലവാരമില്ലാത്ത റോഡുകളാണ് കക്കയത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറയ്ക്കുന്നത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന ഭാഗത്തെ അറ്റകുറ്റപ്പണി പോലും മുടങ്ങി. മഴ തുടങ്ങിയതിനാല്‍ റോഡിന്റെ പുനര്‍ നിര്‍മാണത്തിന് പകരം മിനുക്കുപണിയിലൂടെ ഗതാഗത യോഗ്യമാക്കുന്നതിനാണ് ശ്രമം. റോഡിന്റെ ഇരുവശവും മൂടിയ കുറ്റിക്കാടുകള്‍ നീക്കുന്ന ജോലികള്‍ തുടങ്ങി. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി ഡാമിലുള്ള രണ്ട് ബോട്ടുകള്‍ക്കൊപ്പം മൂന്നെണ്ണം കൂടിയെത്തും. ശുചിമുറി, ഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങള്‍ മികച്ച നിലവാരത്തിലേക്ക് മാറ്റുന്നതിനാണ് തീരുമാനം. 

 നല്ല ഡെസ്റ്റിനേഷനാണ് കക്കയം. അതുകൊണ്ടു തന്നെ കക്കയത്തിന്റെ മനോഹാരിത പരമാവധി നിലനിര്‍ത്തി വികസിപ്പിക്കുന്നതിനുള്ളനടപടികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. പ്രധാന പാര്‍ക്കിങ് ഏരിയയോട് ചേര്‍ന്നുള്ള ഭാഗത്തെ വികസനമാണ് ലക്ഷ്യം. കുട്ടികള്‍ക്കുള്ള സൗകര്യവും വാഹനം 

നിര്‍ത്തിയിടാനുള്ള ക്രമീകരണങ്ങളും ഉള്‍പ്പെടെ പൂര്‍ത്തിയാക്കും

കക്കയത്തെ പ്രവേശനത്തിനായി കെ.എസ്.ഇ.ബിയും, വനംവകുപ്പും സഞ്ചാരികളില്‍ നിന്ന് വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് തുടരും. ഭൂമിയുെട ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ കലക്ടറുടെ ചര്‍ച്ചയിലും തീരുമാനമായില്ല. കക്കയത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കാര്യമായ 

ഇടപെടലില്ലെന്ന വിമര്‍ശനത്തിനിടെയാണ് ചില മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശം.