പതിനൊന്നുദിവസമായി കുടിവെള്ളം ഇല്ല; ഓഫിസിൽ കിടന്ന് പ്രതിഷേധം

കുടിെവള്ളം മുട്ടിച്ച ജലഅതോറിറ്റിയുടെ കൊച്ചിയിലെ ഒാഫീസ് മണിക്കൂറുകളോളം ഉപരോധിച്ച് ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധം.  പതിനൊന്നുദിവസമായി കുടിവെള്ളമില്ലാതായതോടെയാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്.

കാലവര്‍ഷമെത്തിയിട്ടും ചേരാനെല്ലൂരുകാരുടെ ഗതികേടിനുമാത്രം മാറ്റമില്ല. കുടിക്കാന്‍ പോലും വെള്ളമില്ല. ഇന്ന് തുടങ്ങിയ പ്രശ്നമൊന്നുമല്ല. വര്‍ഷങ്ങളായി തുടരുന്നതാണ്. പക്ഷെ ഇപ്പോഴത്തെ പ്രശ്നം അതല്ല. പതിനൊന്ന് ദിവസം തുടര്‍ച്ച‌യായി വെള്ളമില്ല. അതാണ് കൊച്ചിയിലെ ജല അതോറിറ്റി ഒാഫീസിലേക്ക് പ്രതിഷേധവുമായി ഇവര്‍ എത്തിയതും . ഒാഫീസിനകത്ത് രൂക്ഷമായ വാക്കേറ്റമുണ്ടായപ്പോള്‍ പുറത്ത് ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പടെ കിടന്ന് പ്രതിഷേധിച്ചു. 

പുതിയതായി സ്ഥലംമാറിവന്ന സൂപ്രണ്ടിങ് എന്‍ജിനീയര്‍ കസേരയില്‍ പകച്ചിരുന്നു. ഇതിനിടെ പ്രശ്നത്തിന് ഉടനടി പരിഹാരമുണ്ടാകില്ലെന്നും ഉറപ്പായി. കൊച്ചിയിലെ ആവശ്യം കഴിഞ്ഞ് വിശാലകൊച്ചിയുടെ അറ്റത്തുള്ള ചേരാനെല്ലൂരിന് വെള്ളം നല്‍കാന്‍ ബാക്കിയില്ലെന്നാണ് ജല അതോറിറ്റി പറയുന്നത്. ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും അകലെയാണ് പ്രശ്നപരിഹാരമെന്ന് ഇവര്‍ വ്യക്തമാക്കുമ്പോള്‍ വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് വ്യക്തം.