ആശുപത്രിയില്‍ വാട്ടര്‍ എംടിഎം; പണം ഈടാക്കി പറവൂര്‍ താലൂക്ക് ആശുപത്രി

കോവിഡ് പ്രതിസന്ധിയിലും വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗികളില്‍ നിന്ന് കുടിവെള്ളത്തിന് പണം ഈടാക്കുന്നതായി പരാതി. ആശുപത്രിയില്‍ വാട്ടര്‍ എംടിഎം സ്ഥാപിച്ചാണ് പറവൂര്‍ നഗരസഭ രോഗികളെ പിഴിയുന്നത്. 

വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നഗരസഭ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ എടിഎം ആണിത്. സര്‍ക്കാര്‍ ആശുപത്രിയല്ലേ സൗജന്യമല്ലേ എന്ന് കരുതി ആരും ദാഹജലത്തിനായി വെറുകയ്യോടെ ഇതിനടുത്തേക്ക് വരേണ്ടതില്ല. വെള്ളമെടുക്കണോ,  പണം കൂടിയേ തീരൂ.  ഒരു ലീറ്റര്‍, അഞ്ച് ലീറ്റര്‍‍ എന്നീ അളവുകളിലാണ് ഇവിടെ നിന്നും വെള്ളം ലഭിക്കുക. ഒരു രൂപയുടെ നാണയെ എടിഎമ്മില്‍ ഇട്ടാല്‍ ഒരു ലീറ്ററും, അഞ്ച് രൂപ നാണയം ഇട്ടാല്‍ അഞ്ച് ലീറ്റര്‍ വെള്ളവും കിട്ടും. നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരെത്തുന്ന ആശുപത്രിയില്‍ കുടിവെള്ളത്തിന് പണം ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി എട്ട് ലക്ഷത്തി മുപ്പത്തിനായിരം രൂപ ചെലവഴിച്ചാണ് പറവൂര്‍ നഗരസഭ വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചിരിക്കുന്നത്.  പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആരോപണവും ശക്തമാണ്.