ആദ്യ പദ്ധതിക്ക് കെ.എം.മാണിയുടെ പേര്; റോഷിയുടെ ഗുരുദക്ഷിണ

മന്ത്രിയായ ശേഷമുള്ള ആദ്യ പദ്ധതിക്ക് കെ.എം.മാണിയുടെ പേര് നല്‍കി ജലവിഭവമന്ത്രി റോഷി അഗസ്റ്റീന്‍. കൃഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചെറുകിട ജലസേചന പദ്ധതിക്കാണ് കെ.എം.മാണി ഊര്‍ജ്ജിത കാര്‍ഷിക വികസന പദ്ധതി എന്ന് േപരിട്ടിരിക്കുന്നത്. കെ.എം.മാണിയുടെ ശിഷ്യനായിട്ടായിരുന്നു റോഷീ അഗസ്റ്റീന്റെ രാഷ്ട്രീയ വളര്‍ച്ച.  അദേഹത്തിന്റെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മകന്‍ ജോസ് കെ.മാണിയ്ക്കൊപ്പം ഉറച്ച് നിന്നു. ഒടുവില്‍ ഇടത് മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഏക മന്ത്രിയും.

ആദ്യമായി മന്ത്രിയായി ആദ്യമായി തയാറാക്കുന്ന പദ്ധതി രാഷ്ട്രീയ ഗുരുവിന് സമര്‍പ്പിക്കുകയാണ്.മണ്‍മറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പേരില്‍ സ്മാരകങ്ങളും പുരസ്കാരങ്ങളും ഒട്ടേറെയുണ്ടങ്കിലും അംഗീകാരമുള്ള സര്‍ക്കാര്‍ പദ്ധതികള്‍ കുറവാണ്. ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതിയും എം.എന്‍. ഗോവിന്ദന്‍ ലക്ഷംവീട് പദ്ധതിയുമൊക്കെ കാലങ്ങളായി നിലനില്‍ക്കുന്ന അത്തരം ചില പദ്ധതികളാണ്. റോഷിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ആദ്യ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എം.എല്‍.എയുമായതിന്റെയും ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെയും റെക്കോഡുള്ള കെ.എം.മാണിയുടെ പേരില്‍ മറ്റൊരു നേട്ടം കൂടിയാവുകയാണ്. കൃഷി–വൈദ്യുതി വകുപ്പുകളുടെ സഹകരണത്തോടെയുള്ള പദ്ധതി ഉടന്‍ തുടങ്ങാനാണ് ശ്രമം.