പതിറ്റാണ്ടായുള്ള പ്രശ്നം; വൈക്കത്ത് കുടിവെള്ളം ഇനി പാഴാകില്ല; മന്ത്രിയുടെ ഇടപെടൽ

വൈക്കം ടിവിപുരത്ത്  കുടിവെള്ളം പാഴാകുന്നത് തടയാൻ ഒടുവിൽ നടപടിയുമായി ജലവിതരണ വകുപ്പ്. ടാങ്കിലെ ഓവർഫ്ലോപൈപ്പ് വിതരണ ശൃംഖലയിലേക്ക് ബന്ധിപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ്റെ ഇടപെടലാണ് ഒരു പതിറ്റാണ്ടായി തുടരുന്ന പ്രശ്നത്തിന് പരിഹാരമാക്കുന്നത്.

മൂത്തേടത്തുകാവിലെ വാട്ടര്‍ ടാങ്ക് കവിഞ്ഞ് വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. ഇക്കണ്ടക്കാലമത്രയും വൈക്കത്തെ ജല അതോറിറ്റി ഉദ്യോഗസ്ഥർ നോക്കുകുത്തികളായി തുടർന്നു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ്  ദിവസേന പാഴാക്കിയത്. ഇത് പ്രദേശത്ത് വെള്ളക്കെട്ടിനും കാരണമായി. 

ടാങ്ക് നിറഞ്ഞൊഴുകുന്നത് അറിയാനൊ തടയാനൊ ജല അതോറിറ്റിക്ക് കഴിയാത്തതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ മന്ത്രി റോഷി അഗസ്റ്റിനും ഇടപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ അനങ്ങിയത്. വൈക്കം അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയറെ വിളിച്ച മന്ത്രി പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് നിർശിച്ചു. ആദ്യ പടിയായി പമ്പിങ് സമയം ക്രമീകരിച്ച് വെള്ളം പാഴാകുന്നത് താത്കാലികമായി പരിഹരിക്കും.  

ഓവർഫ്ലോപൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഉടൻ ആരംഭിക്കും. നിലവിൽ ഇത് സമീപത്തെ പഞ്ചായത്ത്കുളത്തിലേക്കാണ് തുറന്നിരിക്കുന്നത്. യുദ്ധകാലടിസ്ഥാനത്തിൽ ജോലികൾ പൂർത്തിയാക്കാനാണ് മന്ത്രിയുടെ നിർദേശം.