ആംബുലൻസിൽ സ്ഥലം കിട്ടിയില്ല; ജംഷീറിന് തിരികെ കിട്ടിയത് ജീവൻ; പാലക്കാട് സംഭവിച്ചത്

ആംബുലൻസിൽ സ്ഥലമില്ലാത്തതിനാൽ കയറാൻ പറ്റിയില്ല, ജംഷീറിനു തിരിച്ചുകിട്ടിയതു ജീവിതം. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വാടാനാംകുറുശ്ശിയിൽ നിന്നു നെല്ലിയാമ്പതിയിലേക്കു ജംഷീർ അടങ്ങുന്ന നാലംഗ സംഘം സന്തോഷത്തോടെയാണ് യാത്ര തുടങ്ങിയത്. ഫവാസ്, ഉമറുൽ ഫാറൂഖ്, ഷാഫി എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവർ. 

തിരുച്ചുവരുന്നത് ജംഷീറും ബന്ധു ഷാഫിയും മാത്രം. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ മരപ്പാലത്ത് കൊക്കയിലേക്കു മറിഞ്ഞു. നിസാര പരുക്കേറ്റ ജംഷീർ മേലെ റോഡിലെത്തി അതുവഴി വന്ന കെഎസ്ആർടിസി ബസ് നിർത്തിച്ച് അപകട വിവരം അറിയിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പരുക്കേറ്റു കിടന്നിരുന്നവരെ മുകളിലെത്തിച്ച് നെന്മാറയിലെ ആശുപത്രിയിലാക്കി. 4 പേർക്കും നിസാര പരുക്കേ ഉണ്ടായിരുന്നുള്ളൂ. കാർ അപകടത്തിൽപ്പെട്ടതറിഞ്ഞ് നാട്ടിൽ നിന്ന് സുബൈർ, നാസർ എന്നിവരും ആശുപത്രിയിലേക്ക്  എത്തിയിരുന്നു.

ഇതിനിടെ ആശുപത്രിയിൽ അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വന്ന ആംബുലൻസിൽ ജംഷീർ ഒഴികെയുള്ളവർ കയറി. സ്ഥലമില്ലാത്തതിനാൽ ജംഷീറിനു വാഹനത്തിൽ കയറാൻ പറ്റിയില്ല. ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്കു വരുന്നതിനിടെ തണ്ണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട് ഷാഫി ഒഴികെയുള്ള 8 പേർ മരിച്ചു. അപകട വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്നവരെ മരണം കവർന്നെടുത്തത് ജംഷീർ അറിയുന്നത്.