നാട്ടിൽ സർക്കാർ ജോലിക്കാർ കുറവ്; പി എസ് സി കോച്ചിങ് സെന്റർ തുടങ്ങി ചെറുപ്പക്കാർ

നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കാരില്ലാത്തതിന്റെ കുറവ് നികത്താനായി പി.എസ്.സി പരിശീലനക്കളരി തുടങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍. കോഴിക്കോട് നഗരത്തിലെ  ഇടിയങ്ങര തെക്കേപുറത്തെ ചെറുപ്പക്കാരാണ് സേവനത്തിന്റെ വ്യത്യസ്ത വഴിതിരഞ്ഞെടുത്തിരിക്കുന്നത്.ഇടിയങ്ങരിയിലെ പഴയ കെട്ടിടത്തിന്റെ മച്ചിന്‍പുറത്ത് യുവാക്കളും യുവതികളും  ഇങ്ങിനെ കൂടാന്‍ തുടങ്ങിയിട്ട് മാസം എട്ടുകഴിഞ്ഞു. വിദ്യസമ്പന്നര്‍  ഏറെയുണ്ടായിട്ടും സര്‍ക്കാര്‍ സര്‍വീസിലേക്ക് ആളെത്തുന്നില്ലെന്ന നാട്ടിലെ ചെറുപ്പക്കാരുടെ ആശങ്കയിലാണ് ഇങ്ങിനെയൊരു പഠന മുറി ഒരുങ്ങിയത്. 

മിഷന്‍ ഫോര്‍ എംപവര്‍മെന്റ് ഓഫ് തെക്കേപുറമെന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് യുവാക്കള്‍ പ്രവര്‍ത്തനം തുടങ്ങിയത്.ആദ്യം നാട്ടിലെ ആളുകള്‍ക്കെല്ലാം  പി.എസ്.സിയുടെ ഒറ്റതവണ റജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു നല്‍കി. തുടര്‍ന്നുള്ള  അന്വേഷണത്തിലാണ് പലര്‍ക്കും വലിയ ഫീസ് നല്‍കി  കോച്ചിങ് സെന്ററുകളില്‍ പോകാന്‍ കഴിയില്ലെന്ന്  മനസിലായത്.പലരും ആദ്യമായിട്ടാണ് പരിശീലനത്തിനു പോകുന്നത് തന്നെ.