ടൂറിസം വകുപ്പിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് വനംവകുപ്പ്; ആരോപണം

ഇടുക്കി വണ്ടിപെരിയാര്‍ സത്രം മേഖലയിലെ  ടൂറിസം വകുപ്പിന്റെ  നിർമാണ പ്രവർത്തനങ്ങൾ വനം വകുപ്പ് തടഞ്ഞെന്ന് ആരോപണം. നിര്‍മാണത്തിലിരുന്ന സ്ത്രീകളുടെ വിശ്രമകേന്ദ്രം  വനംവകുപ്പ് പൊളിച്ചുമാറ്റിയെന്നും  പരാതി. പീരുമേട് എം.എൽ.എയുടെ നേതൃത്വത്തിൽ വനംവകുപ്പിനെതിരെ  സമരം തുടങ്ങി.   

 വണ്ടിപെരിയാർ സത്രത്തിലെ  ഒന്നാം വ്യൂ പോയിൻറ് എന്നറിയപ്പെടുന്ന സ്ഥലത്താണ് റവന്യൂ വകുപ്പിന്റെ 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിനു വേണ്ടി നൽകിയത്.   ഇവിടെ  സ്ത്രീകൾക്ക്  വേണ്ടി നിര്‍മിക്കുന്ന വിശ്രമ കേന്ദ്രം വനംവകുപ്പ് പൊളിച്ചു നീക്കുകയായിരുന്നു. വനം വകുപ്പിന്റെ സ്ഥലത്താണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് ആരോപിച്ച് എരുമേലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ്  വനം വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടം പൊളിച്ചുമാറ്റിയത്.  കെട്ടിട നിർമാണ തൊഴിലാളികളെ  ഭീഷണിപ്പെടുത്തുകയും, മർദിക്കുകയും ചെയ്തതായി  പരാതിയുണ്ട്.  ഇതിൽ പ്രതിഷേധിച്ച് സ്ഥലം എം.എൽ.എയുടെ നേതൃത്വത്തിൽ  വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കെട്ടിടം പുനർനിർമിച്ചുനല്‍കണമെന്നാണ് ആവശ്യം. 

നാട്ടുകാരെ  ഉൾപ്പെടുത്തി സമര പരിപാടികൾ  ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.